അരാംകോ 10 കേന്ദ്രങ്ങളിൽ 500 സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കും

ദമ്മാം: ജൈവവൈവിധ്യ സംരക്ഷണത്തിനായി 950 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അരാംകോ 10 സ്ഥലങ്ങൾ കണ്ടെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്ക് ഷെയ്ബ മുതൽ വടക്ക് റാസ് തൻകിബ് വരെയും കിഴക്ക് അബൂ അലി മുതൽ പടിഞ്ഞാറ് അബഹവരെയും നീളുന്ന സ്ഥലങ്ങൾക്കിടയിലാണ് ഈ കേന്ദ്രങ്ങൾ. 55ലധികം ഉപജാതികളുള്ള സവിശേഷമായ സസ്യ-ജന്തുജാലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം. ഇതിൽ പലതും വംശനാശ ഭീഷണി നേരിടുന്നതോ മനുഷ്യ ഇടപെടലുകളുടെ ഭാഗമായി ദേശം മാറിപ്പോകുന്നവയോ ആണ്.

വേട്ടയാടൽ കാരണം അറേബ്യൻ കലമാൻ (ഓറിക്സ്), മാൻപേടകൾ (സാൻഡ് ഗസൽ), ഒട്ടകപ്പക്ഷികൾ എന്നിവക്ക് പ്രാദേശികമായി വംശനാശം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം പ്രകൃതി നശീകരണത്തിനെതിരെ നിലകൊള്ളാൻ അരാംകോ എന്നും ശ്രദ്ധിച്ചിരുന്നു.ഇതിന്‍റെ ഫലമായി അരാംകോ 2016ൽ ഷെയ്ബ വന്യജീവിസങ്കേതം സ്ഥാപിക്കുകയും പ്രാദേശികമായി വംശനാശം സംഭവിച്ച ഓറിക്സ്, മാൻപേടകൾ, ഒട്ടകപ്പക്ഷി എന്നിവയെ തിരികെ കൊണ്ടുവരുന്നതിൽ വിജയിക്കുകയും ചെയ്തു.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി അരാംകോയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ളതാണ്. കിഴക്കൻ മേഖലയിലെ റുബുഉൽ ഖാലിയിലെ ആവാസവ്യവസ്ഥയിൽ വന്യജീവി സങ്കേത മേഖലയിൽ ഏകദേശം 637 ചതുരശ്ര കിലോമീറ്റർ ഭാഗം വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്. ക്രമരഹിതമായ വാഹനങ്ങളുടെ പ്രവേശനം, വളർത്തുമൃഗങ്ങളുടെ മേച്ചിൽ, മാലിന്യം തള്ളൽ, വേട്ടയാടൽ തുടങ്ങിയ ഭീഷണികളിൽനിന്ന് ഇത് വന്യജീവികളെ സംരക്ഷിക്കുന്നു. കൂടാതെ നിരവധി തദ്ദേശീയ സസ്യജാലങ്ങളെയും ഇത് സംരക്ഷിക്കുന്നുണ്ട്.

ഷെയ്ബ വന്യജീവി സങ്കേതത്തിൽ 50 ഇനങ്ങളിൽ 39 എണ്ണവും സംരക്ഷണം തേടുന്ന വിഭാഗത്തിൽപെട്ടവയാണ്. 13 ഇനങ്ങൾ ശക്തമായി വംശനാശ ഭീഷണി നേരിടുന്നവയാണ്.10 എണ്ണം അറബ് പ്രാദേശിക ഇനങ്ങളാണ്. സമീപകാല ജൈവവൈവിധ്യ സർവേകൾ പ്രകാരം 11 ഇനം തദ്ദേശീയ സസ്യങ്ങൾ, 13 തരം ഉരഗങ്ങൾ, 18 ഇനം സസ്തനികൾ, 176 ഇനം പക്ഷികൾ, 169 ദേശാടന വിഭാഗങ്ങൾ എന്നിവയുടെ സാന്നിധ്യം ഈ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നുമുള്ള പ്രകൃതിദത്ത മാലിന്യങ്ങളുടെ രൂപത്തിൽ ജൈവവസ്തുക്കൾ വ്യാപിക്കുന്നുണ്ട്. ഇത് കൂടുതൽ സജീവമായ ജലചക്രത്തിനുപുറമെ വരണ്ട മരുഭൂമിയിലെ മണലുകളുടെ പോഷണത്തിന് കാരണമാകും.

ഒട്ടകങ്ങളുടെ മേച്ചിൽ കുറവായത് ഈ പ്രദേശത്തെ സസ്യജന്തുജാലങ്ങളുടെ വളർച്ചയ്ക്കും സഹായകമായി. ഇത് സംരക്ഷിക്കാൻ തുടങ്ങിയതോടെ അടുത്തിടെ ആദ്യമായി സ്വർണ കഴുകന്മാരുടെയും അതുപോലെ ധാരാളം പല്ലികളുടെയും മുയലുകളുടെയും സാന്നിധ്യവും കണ്ടെത്തി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ റിസർവിനുള്ളിലെ ഇനങ്ങളുടെ എണ്ണം കൂടുമെന്നും കൂടുതൽ മൃഗങ്ങൾ എത്തിച്ചേരുമെന്നും കരുതുന്നു. 1972ൽ നാല് അറേബ്യൻ ഓറിക്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1939ൽ അറേബ്യൻ ഉപദ്വീപിൽ അവസാനമായി കാട്ടൊട്ടകപ്പക്ഷിയെ കണ്ടെത്തി, മാനുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

ഇന്ന്, 130 അറേബ്യൻ ഓറിക്സുകളും 120 അറേബ്യൻ മാനുകളും ചുവന്ന കഴുത്തുള്ള നാല് ഒട്ടകപ്പക്ഷികളും ഉണ്ട്.വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഭാവി സംരക്ഷിക്കുന്നതിൽ അരാംകോയുടെ സംഭാവനയാണ് ഈ നേട്ടത്തിന് ഉപകരിച്ചത്. പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കാനുള്ള അരാംകോയുടെ ശ്രമങ്ങൾക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2019ൽ, ഷെയ്ബ വന്യജീവി സങ്കേതം പുറത്തുനിന്നുള്ള ഒരു സംഘം ഓഡിറ്റ് ചെയ്യുകയും ഐ.എസ്.ഒ 9001 സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

Tags:    
News Summary - Aramco will protect 500 species of flora and fauna at 10 facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.