ജിദ്ദ: അൽബാഹ മേഖലയിൽ കൃത്രിമ മഴക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തേ തയാറാക്കിയ പദ്ധതിപ്രകാരം മേഖലാ ഗവർണറേറ്റിെൻറ പങ്കാളിത്തത്തോടെ മേഘങ്ങളിൽ വിത്തു വിതക്കലിനായി (ക്ലൗഡ് സീഡിങ്) വിമാനം പറത്തുന്നതടക്കമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ സംവിധാനവും റഡാറുകളും സജ്ജീകരിച്ച മുഴുവൻസമയം പ്രവർത്തിക്കുന്ന ഒരു ഓപ്പറേറ്റിങ് റൂമും സ്ഥാപിച്ചിട്ടുണ്ട്. മേഘങ്ങളെ നിരീക്ഷിക്കുന്നതിനും ക്ലൗഡ് സീഡിങ് സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും വിദഗ്ധരും ശാസ്ത്രജ്ഞരും രംഗത്തുണ്ട്.
കൃത്രിമ മഴക്ക് മേഘങ്ങളെ ഒരുക്കൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം സി.ഇ.ഒ ഡോ. അയ്മൻ ബിൻ സാലിം ഗുലാം പറഞ്ഞു. കൃത്രിമ മഴക്കുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിനു മുമ്പ് രാജ്യത്തെ ബന്ധപ്പെട്ട ലബോറട്ടറികളിൽ അവ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കൃത്രിമ മഴയുടെ അപകടങ്ങളെക്കുറിച്ചുള്ള കിംവദന്തികൾക്ക് ഒരു അടിസ്ഥാനവുമില്ല. അത്തരം പ്രചാരണങ്ങൾ ശാസ്ത്രവിരുദ്ധമാണ്.
അൽബാഹയിലെ കാർഷിക, ടൂറിസം മേഖലകളിൽ നല്ല സ്വാധീനം ചെലുത്തുന്ന മഴയുടെ തോത് ഉയർത്താൻ കൃത്രിമ മഴ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും കാലാവസ്ഥാ മാറ്റം സമീപകാലത്ത് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ശാസ്ത്രജ്ഞരും വിദഗ്ധരും ശാസ്ത്രകേന്ദ്രങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട തങ്ങളുടെ കടമകൾ നിർവഹിക്കുന്നില്ലെങ്കിൽ പൊടിക്കാറ്റ്, തിരമാലകൾ, കാട്ടുതീ എന്നിവ ഇനിയും വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ പ്രശ്നങ്ങൾ ഇല്ലാതാക്കൽ പ്രധാന പരിഗണനയിലുള്ള വിഷയമാണ്.കാടുകളുടെ നാശം ഒഴിവാക്കുക, ജലനഷ്ടം പരിഹരിക്കുക, കാലാനുസൃതമായി ചൂടും പൊടിപടലങ്ങളും കുറക്കുക എന്നിവയാണ് അൽബാഹയിലെ മഴയുടെ അളവ് 20 ശതമാനം വർധിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലൗഡ് സീഡിങ്ങിനു മുമ്പ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറിയുടെയും സർക്കാർ ഏജൻസികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ 'കൃത്രിമ മഴ' സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചിരുന്നു.
കൃത്രിമ മഴക്കുവേണ്ടിയുള്ള ക്ലൗഡ് സീഡിങ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.