യാംബു: കോവിഡ് ഭീതിയിൽ അടച്ചിട്ട രാജ്യത്തെ പ്രൈമറി, കെ.ജി സ്കൂളുകൾ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തുറന്നുപ്രവർത്തിച്ചപ്പോൾ സമ്മിശ്ര പ്രതികരണങ്ങളോടെ വിദ്യാർഥികൾ. സ്കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിൽനിന്ന് ഓഫ്ലൈൻ ക്ലാസ് സംവിധാനത്തിലേക്ക് മാറണമെന്നും വിദ്യാർഥികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾ തയാറാവണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ നിർദേശം നൽകിയിരുന്നു. രാജ്യത്തെ ഏറക്കുറെ എല്ലാ സ്കൂളുകളും ഇതിനകം തുറന്നുപ്രവർത്തിച്ചു. സ്കൂളുകളിൽ തിരികെ എത്തിയ കുട്ടികളെല്ലാവരും വർധിച്ച സന്തോഷത്തോടെയാണ് പുതിയ തീരുമാനത്തെ വരവേറ്റത്.
രണ്ടു വർഷം വീട്ടിൽ തളച്ചിട്ട വിദ്യാർഥികൾക്ക് വന്നുപെട്ട മാനസിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സ്കൂളുകളിലെ നേരിട്ടുള്ള പഠനാന്തരീക്ഷം അനിവാര്യമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം 'യൂനിസെഫി'ന്റെ കൂടി നിർദേശം പരിഗണിച്ച് തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. എന്നാൽ, കോവിഡ് ഭീതി പൂർണമായും നീങ്ങാത്ത സാഹചര്യത്തിൽ ശീതകാലത്ത് അതിരാവിലെ സ്കൂളുകളിലേക്ക് കുട്ടിയെ പറഞ്ഞയക്കുന്നതിൽ നേരിയ ആശങ്കയുണ്ടെന്നും അവരുടെ വിദ്യാഭ്യാസ മികവ് ലക്ഷ്യംവെച്ച് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം എടുത്ത തീരുമാനത്തോട് പൂർണമായും യോജിക്കുന്നുവെന്നും യാംബു അൽ മനാർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ആൻഡ്രിന ലാലിന്റെ രക്ഷിതാവ് കോട്ടയം സ്വദേശി ലാൽ മോൻ ജോർജ് പറഞ്ഞു.
വിദ്യാർഥികൾ തിരിച്ച് സ്കൂളുകളിൽ എത്തിയത് വർധിച്ച സന്തോഷത്തോടെയാണെന്നും കോവിഡ് കാലത്തെ ആരോഗ്യ സുരക്ഷയെ കുറിച്ചും കോവിഡ് പ്രോട്ടോകോൾ പാലനത്തെ കുറിച്ചും ചെറിയ കുട്ടികൾക്ക് വരെ നല്ല ധാരണയുണ്ടെന്നും അധ്യാപികയായ രഹ്ന ഹരീഷ് പറഞ്ഞു. രണ്ടു വർഷത്തെ വിദൂര പഠനത്തിന് ശേഷം ക്ലാസ് മുറികളിൽ കൂട്ടുകാരോടൊത്ത് പഠനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നവരാണ് എല്ലാ വിദ്യാർഥികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.