റിയാദ്: യമനിലെ തടങ്കൽകേന്ദ്രത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള ഹൂതി പ്രചാരണം നിഷേധിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യസേന. സഅദ ഗവർണറേറ്റിലെ തടങ്കൽ കേന്ദ്രം ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം നടത്തിയതായി ഹൂതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തങ്ങൾ നിരീക്ഷിക്കുകയും ആരോപണം തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തതായി സേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മൽക്കി ശനിയാഴ്ച സൗദി പ്രസ് ഏജൻസിയിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നേരിട്ട തടങ്കൽകേന്ദ്രത്തിൽ നിരപരാധികളും ഇരകളായെന്ന് ഹൂതികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ സഖ്യസേനയുടെ ആന്തരിക സംവിധാനം ഉപയോഗിച്ച് നടത്തിയ സമഗ്ര അവലോകനത്തിലൂടെ ആരോപണങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ സഖ്യസേന വളരെ ഗൗരവമായാണെടുക്കുന്നതെന്നും അൽ-മാൽക്കി ചൂണ്ടിക്കാട്ടി. ഇറാനിയൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ വിപണനം ചെയ്ത മാധ്യമ വാർത്തകൾ അവരുടെ പതിവ് തെറ്റിദ്ധരിപ്പിക്കൽ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യമനിലെ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്ന യു.എൻ കാര്യാലയം (ഒ.സി.എച്ച്.എ) നിശ്ചയിച്ച ആക്രമിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയിൽ ആരോപണവിധേയ ലക്ഷ്യമായ ഈ തടങ്കൽ പാളയം ഉൾപ്പെട്ടിട്ടില്ല. ഇന്‍റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐ.സി.ആർ.സി) റിപ്പോർട്ടിലുള്ളതോ അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ മാനദണ്ഡങ്ങൾ ബാധകമായതോ ആയ കേന്ദ്രമല്ല ഇതെന്നും അൽ-മാലികി കൂട്ടിച്ചേർത്തു.
ആരോപിക്കപ്പെടുന്ന ലക്ഷ്യത്തെയും സ്ഥലത്തെയും കുറിച്ചുള്ള വസ്തുതകളും ഹൂതി മാധ്യമങ്ങളുടെ തെറ്റായ വാർത്തകളും വെളിപ്പെടുത്തുകയും ഒ.സി.എച്ച്.എ, ഐ.സി.ആർ.സി എന്നീ ഏജൻസികളെ നിജസ്ഥിതി അറിയിക്കുകയും ചെയ്യുമെന്ന് ബ്രിഗേഡിയർ ജനറൽ അൽ-മാൽക്കി സ്ഥിരീകരിച്ചു. അതേസമയം വെള്ളിയാഴ്ച വൈകീട്ട് സൗദി നഗരമായ ഖമീസ് മുശൈത്തിലെ ഒരു വാണിജ്യ കേന്ദ്രത്തെ ബാലിസ്റ്റിക് മിസൈൽ അയച്ച് ആക്രമിക്കാൻ ഹൂതികൾ ലക്ഷ്യമിട്ടെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.