റിയാദ്: സുഡാനിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിൽ സായുധ സംഘം നടത്തിയ അതിക്രമത്തെ അപലപിച്ച് സൗദി അറേബ്യ. ചൊവ്വാഴ്ച പുലർച്ചെ സുഡാനിലെ സൗദി കൾചറൽ അറ്റാഷെ ഓഫിസ് സായുധസംഘം അടിച്ചുതകർക്കുകയും ഉപകരണങ്ങളും കാമറകളും നശിപ്പിക്കുകയും ചെയ്തിരുന്നു.
അറ്റാഷെയുടെ ഓഫിസ് രേഖകൾ പിടിച്ചെടുക്കുകയും കാമറകളും സെർവറുകളും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. അക്രമത്തെ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം നയതന്ത്ര ദൗത്യങ്ങളെ ബഹുമാനിക്കാൻ സായുധ വിഭാഗങ്ങളോടും കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഭരണ സംവിധാനത്തോടും ആവശ്യപ്പെട്ടു.
സൈനിക നീക്കങ്ങൾ നിർത്താനും അക്രമം അവസാനിപ്പിക്കാനും വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞർക്കും താമസക്കാർക്കും മാത്രമല്ല സുഡാനി പൗരന്മാർക്കും ആവശ്യമായ സംരക്ഷണം നൽകണമെന്ന ആവശ്യം സൗദി അറേബ്യ ആവർത്തിച്ചു. സൗദി കൾചറൽ അറ്റാഷെ ഓഫിസിൽ നടന്ന ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയവും അപലപിച്ചു.
നടന്നത് ക്രിമിനൽ നടപടിയാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും 1961 ലെ വിയന്ന കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ ആസ്ഥാനങ്ങൾ സംരക്ഷിക്കുന്നതിനും അവിടങ്ങളിലുള്ള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സത്വര നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം യു.എസ്, സൗദി മധ്യസ്ഥതയിലുള്ള വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ ലംഘനങ്ങൾ സുഡാനിൽ തുടരുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്കിരി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം തുടരുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.