യാംബു: സൗദിയിൽ ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഗണ്യമായി ഉയർന്നതായി റിപ്പോർട്ട്. ശരാശരി പ്രായം 77.6 ആയാണ് ഉയർന്നത്. 2016ൽ ഇത് 74 വയസായിരുന്നു. ‘ആരോഗ്യമേഖല പരിവർത്തന പരിപാടി’യുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ പ്രോഗ്രാമുകളിലൊന്നാണ് ആരോഗ്യ മേഖല പരിവർത്തന പരിപാടി. ആരോഗ്യ, വൈദ്യശാസ്ത്ര രംഗത്ത് രാജ്യം കൈവരിച്ച വമ്പിച്ച പുരോഗതിയാണ് ഈ നേട്ടം സാധ്യമാക്കിയത്.
മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വിവിധ മേഖലകളിൽ സർക്കാർ ലക്ഷ്യമിട്ടുള്ള ബഹുമുഖ പദ്ധതികൾ വിജയം കണ്ടതും സുപ്രധാന നേട്ടത്തിന് കാരണമായി. വിവിധ ആരോഗ്യമേഖലാ സ്ഥാപനങ്ങളുടെ സഹകരണവും പ്രയത്നങ്ങളും രാജ്യത്തെ ശരാശരി ആയുർദൈർഘ്യ വർധനക്ക് ആക്കം കൂട്ടി.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആരോഗ്യ പ്രോത്സാഹന നയങ്ങൾ സ്വീകരിക്കൽ, നടത്തം പോലുള്ള വ്യായാമ സംസ്കാരം പ്രോത്സാഹിപ്പിക്കൽ, ഭക്ഷണത്തിലെ ഉപ്പ് കുറക്കൽ, കലോറി വെളിപ്പെടുത്തൽ, പൊണ്ണത്തടി കുറക്കൽ എന്നിവയുൾപ്പെടെ ആരോഗ്യരംഗത്തെ കാലോചിതമായ മാറ്റങ്ങൾ പുരോഗതിക്ക് നിമിത്തമായതായി വിലയിരുത്തുന്നു.
ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസുരക്ഷാ മുന്നൊരുക്കങ്ങൾ കാര്യക്ഷമാക്കുന്നതിനും ചെയ്യുന്ന സംവിധാനങ്ങളും വമ്പിച്ച നേട്ടങ്ങൾ കൈവരിച്ചു.
ആശുപത്രികളിലെ ചികിത്സാസേവനങ്ങളിലുള്ള രോഗികളുടെ സംതൃപ്തി 2019ൽ 82.41ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 87.45 ശതമാനമായി വർധിച്ചു. ആതുരസേവന രംഗത്തെ വമ്പിച്ച പുരോഗതിയും നഴ്സിങ് സേവനമേഖലയിലെ ഗണ്യമായ വർധനവും പുരോഗതിയും നേട്ടങ്ങളായി റിപ്പോർട്ടിൽ സൂചിപ്പിച്ചു. രാജ്യത്തെ താമസക്കാരുടെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കിയ അടിസ്ഥാന ആരോഗ്യസേവനങ്ങളുടെ കവറേജ് 96.41 ശതമാനമായി മാറിയതും വമ്പിച്ച നേട്ടമാണ്.
ആരോഗ്യപരിരക്ഷ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, സേവനനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുക, ആരോഗ്യസുരക്ഷയും പ്രതിരോധ നടപടികളും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുന്ന നിരവധി പദ്ധതികൾക്ക് രാജ്യത്തിന് ആഗോള അംഗീകാരങ്ങൾ ലഭിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2000 മുതൽ തൊട്ട് ആഗോളതലത്തിൽ തന്നെ ശരാശരി ആയുർദൈർഘ്യം വർധിച്ചുവരുന്നതായാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഈയിടെ പുറത്തുവിട്ട ലോകാരോഗ്യ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാനുള്ള വിവിധ പദ്ധതികൾ പല രാജ്യങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. ഇത് ആയുർ ദൈർഘ്യം കൂടാൻ സഹായകമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.