റിയാദ്/കൊച്ചി: കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവാസി ലീഗൽ സെല്ലിന്റെ ഇൻറർനാഷനൽ കോഓഡിനേറ്ററായി വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി കോൺഗ്രസ് എസ് എറണാകുളം ജില്ല പ്രസിഡൻറും സൗദിയിൽ പ്രവാസിയുമായ ഹാഷിം പെരുമ്പാവൂരിന് പുരസ്കാരം.
എറണാകുളത്ത് നടന്ന ചടങ്ങിൽ കേരള രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. കോൺഗ്രസ് എസ് എറണാകുളം ജില്ലകമ്മിറ്റി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സ്വീകരണം നൽകാൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്കാരം സമ്മാനിച്ചത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽനിന്നും പ്രവാസികൾക്ക് അനുകൂലമായി കോടതി വിധികൾ നേടിയെടുത്തിട്ടുണ്ട്.
പ്രവാസി മലയാളികൾക്ക് നോർക്കയിൽ 50 ശതമാനം സംവരണം വേണമെന്നും പി.എൽ.സി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അർഹതക്കുള്ള അംഗീകാരമാണ് ഹാഷിം പെരുമ്പാവൂരിന് ലഭിച്ചതെന്ന് പി.എൽ.സി ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.