ജിദ്ദ: ബഹ്റൈനും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
റിയാദിലെ ജി.സി.സി സഹകരണ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന രണ്ടാമത് ഖത്തർ, ബഹ്റൈൻ ഫോളോ-അപ്പ് കമ്മിറ്റി യോഗാനന്തരമാണ് പ്രഖ്യാപനമുണ്ടായത്. ഉടൻതന്നെ സൗദി വിദേശകാര്യ മന്ത്രാലയം തീരുമാനത്തെ സ്വാഗതം ചെയ്തു. ബഹ്റൈനും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യേണ്ട നടപടിയാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ശക്തി ഉറപ്പിക്കുന്നതാണിത്. മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ കൈവരിക്കുന്ന വിധത്തിൽ സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
തീരുമാനത്തെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി സ്വാഗതം പറഞ്ഞു. 2021 ജനുവരിയിൽ സൗദി അറേബ്യയിലെ അൽ-ഉലയിൽ നടന്ന ‘സുൽത്താൻ ഖാബൂസ്-ശൈഖ് സബാഹ് ഉച്ചകോടി’യിൽ ഉയർന്ന നിർദേശങ്ങളിലൊന്നാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
ബഹ്റൈനും ഖത്തറും നയതന്ത്രബന്ധം സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ പ്രശംസിച്ചു. ഇത് സഹകരണ കൗൺസിലിന്റെ ഭാവിയെയും നിലനിൽപ്പിനെയും കുറിച്ചുള്ള നേതാക്കളുടെ താൽപര്യം പ്രകടമാക്കുന്നു. ജി.സി.സി രാജ്യങ്ങൾ ആസ്വദിക്കുന്ന ബന്ധവും സൗഹൃദവും സാഹോദര്യവും അണികളുടെ ഐക്യവും ഇതുൾക്കൊള്ളുന്നുവെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.ബഹ്റൈനും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം തിരിച്ചുവരുന്നതിനെ അറബ് പാർലമെന്റും സ്വാഗതം ചെയ്തു.
സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് അനുകൂലമാകുന്ന നടപടിയാണിതെന്ന് അറബ് പാർലമെൻറ് പ്രസ്താവനയിൽ പറഞ്ഞു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അറബ് അണികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ഐക്യം ആവശ്യമാണ്. അറബ് മേഖലയുടെ സുരക്ഷിതത്വത്തിലും സുസ്ഥിരതയിലും ഈ നല്ല തീരുമാനം പ്രതിഫലിക്കുമെന്നും അറബ് പാർലമെന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.