യാംബു: സൗദിയിലെ ചെങ്കടലിൽ നിന്ന് ‘നെപ്പോളിയൻ റാസ്’ മത്സ്യബന്ധനം നടത്തുന്നതിന് വിലക്ക്. മദീന ഗവർണറേറ്റിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയമാണ് മത്സ്യങ്ങളിലെ ചക്രവർത്തിയായി അറിയപ്പെടുന്ന ‘ഹംപ്ഹെഡ് വ്രാസ്’ എന്ന പേരിലും അറിയപ്പെടുന്ന നെപ്പോളിയൻ റാസ് മത്സ്യത്തെ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തെ ചെങ്കടലിൽ ഈ മത്സ്യം വംശനാശഭീഷണി നേരിടുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമലംഘനം നടത്തുന്നവർ കാർഷിക രംഗത്ത് നിലവിലുള്ള വ്യവസ്ഥാ ലംഘനം ചെയ്യുന്നവരായി കണക്കാക്കുകയും നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ ചൂണ്ടിക്കാട്ടി. നെപ്പോളിയൻ മത്സ്യം പിടിക്കുന്ന മത്സ്യബന്ധന തൊഴിലാളികൾ, ഉല്ലാസ ബോട്ടുകളുടെ ഉടമകൾ, മത്സ്യം വിൽപന നടത്തുന്നവർ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കിയതായി സൗദി പ്രസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. പവിഴപ്പുറ്റുകൾ ധാരാളമുള്ള ചെങ്കടലിലാണ് നെപ്പോളിയൻ മത്സ്യം സാധാരണ കണ്ടുവരുന്നത്. രൂപഘടനയിൽ തന്നെ മറ്റു മത്സ്യങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഇവകൾ ആറടിയിലധികം നീളത്തിൽ വളരുന്ന ഒരു വലിയ മത്സ്യമാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവും വിലകൂടിയ ഈ വർണ മത്സ്യത്തിന്റെ വംശനാശം കണക്കിലെടുത്ത് പല രാജ്യങ്ങളും ഇവയെ പിടിക്കുന്നതിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ ഒന്ന് മുതൽ ഒക്ടോബർ 15 വരെ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബർ 14 മുതൽ ജൂലൈ 14 വരെ ലോബ്സ്റ്റർ (വലിയ ചെമ്മീൻ) മത്സ്യബന്ധനത്തിനും നിരോധനം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ ക്രൂഷ്യൻ കരിമീൻ പിടിക്കുന്നതിനുള്ള വിലക്ക് മേയ് അവസാനത്തോടെ പിൻവലിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണം പ്രാബല്യത്തിൽ വരുത്തുന്നതിന് അധികൃതർ ശക്തമായ പരിശോധന നടത്തും. അനധികൃത മത്സ്യബന്ധനം തടയുന്നതിനും നിരോധിത മാർഗങ്ങൾ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാനും നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.