ജിദ്ദ: പൗരോഹിത്യത്തിന്റെ സംഘടിതമായ ആത്മീയ ചൂഷണങ്ങളും ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയുള്ള വർഗീയ ധ്രുവീകരണങ്ങളും അരങ്ങുവാഴുന്ന വർത്തമാനകാല സാഹചര്യത്തിൽ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുവാനും അത് ഉറക്കെ പറയുവാനുമുള്ള ആർജ്ജവം യുവജനതയിൽ സന്നിവേശിപ്പിക്കുകയും അതുവഴി അവരെ രാജ്യത്തിന്റെ പുരോഗതിക്കായി ക്രിയാത്മകമായി പരിവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികൾക്ക് നിർവഹിക്കാനുള്ള കർത്തവ്യമെന്ന് അൽ മനാർ കോളജ് പ്രിൻസിപ്പൽ നസീറുദ്ദീൻ റഹ്മാനി അഭിപ്രായപ്പെട്ടു.
‘നേരാണ് നിലപാട് ‘ എന്ന പ്രമേയത്തിൽ ഡിസംബർ 23, 24 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന കേരള നദ്വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന സമ്മേളന പ്രമേയം വിശദീകരിച്ച് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം എന്ന് പറയുമ്പോൾ തന്നെ അതിനെതിരെ തിരിഞ്ഞുനിൽക്കുന്ന ഒരു സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മതത്തിനെതിരെയുള്ള പരിഹാസവും ആത്മീയ ദുരാചാരങ്ങളുമാണ്. മതവിശ്വാസികൾ ഹൂറികളെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നും അതാണ് അവരുടെ നന്മകൾക്ക് പ്രേരകം എന്നും ചിലർ തെറ്റിദ്ധരിപ്പിക്കുന്നു.
ഇവിടെ വിശ്വാസിയുടെ യഥാർത്ഥ നിലപാട് സമൂഹത്തിനു മുന്നിൽ കാണിച്ചു കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷതവഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.