റിയാദ്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ‘നാസിക് ധോൾ’ എന്ന വാദ്യവുമായി റിയാദിലെ കലാസാംസ്കാരിക വേദികളിൽ കൊട്ടിത്തിമിർക്കുകയാണ് ഒരുകൂട്ടം മലയാളി കലാകാരന്മാർ. സംഗീതം, നൃത്തം, നാടകം തുടങ്ങി നിരവധി കലാരൂപങ്ങൾ പ്രവാസത്തിന്റെ സാംസ്കാരിക ഇടങ്ങളെ ആസ്വാദ്യകരമാക്കിയ കേരളീയ സമൂഹത്തിന്റെ പുതിയ പിന്തുടർച്ചക്കാരാണ് ‘ബീറ്റ്സ് ഓഫ് റിയാദ്’ എന്ന പേരിൽ ഉരുവം കൊണ്ട വാദ്യമേളക്കാർ.
സൗദിയിൽ ആദ്യമായി ‘ശിങ്കാരി മേളം’ എന്ന ആശയത്തിന് തുടക്കം കുറിച്ച പാലക്കാട് കോങ്ങാട് സ്വദേശിയായ മഹേഷ് ജയിയാണ് ഈ വടക്കൻ കലയെയും ഇവിടെയെത്തിച്ചത്. പത്തുവർഷമായി റിയാദിൽ ഗ്രാഫിക് ഡിസൈനറാണ്. മഹാരാഷ്ട്രയിലെ നാസിക് എന്ന ജില്ലയിൽ ഉദയം ചെയ്തതെന്ന് കരുതപ്പെടുന്ന ഈ കല ഇന്ന് യു.പി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു സംഗീതവാദ്യമാണ്.
പാലക്കാട് പത്തിരിപ്പാലയിലെ ‘ശ്രീ വിഘ്നേഷ്’ എന്ന കലാസമിതിയുമായുള്ള ബന്ധമാണ് മഹേഷ് ജയിയെ ഈ മേളത്തിലേക്ക് ആകർഷിച്ചതും താളം പഠിക്കാൻ പ്രേരിപ്പിച്ചതും. യാദൃച്ഛികമായാണ് സൗദിയിൽ ഇത് അവതരിപ്പിക്കാൻ ഇടയായതെന്ന് മഹേഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പാലക്കാട് ജില്ല പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സംബന്ധിച്ച ആലോചനയിൽ നിന്നാണ് ഈ കലയുടെ വിത്തിടാൻ മഹേഷ് ജയിയെ പ്രേരിപ്പിച്ചത്. കൂട്ടായ്മ ഭാരവാഹി കബീർ പട്ടാമ്പിയുടെ സഹായത്തോടെയാണ് നാസിക് ധോൾ ഗ്രൂപ് ഒരുക്കിയത്.
‘പുതിയതെന്തും തുടങ്ങുക പ്രയാസമാണ്, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, പരിശീലനത്തിന് സൗകര്യപ്രദമായ സ്ഥലം വേണം, പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മ വേണം, സർവോപരി പണവുമുണ്ടെങ്കിലേ ഇത്തരത്തിലുള്ള കലാപ്രവർത്തനങ്ങൾ സാധ്യമാകൂ എന്ന് മഹേഷ് ജെയ് പറഞ്ഞു. ഒരു വർഷം മുമ്പ് 14 പേരുമായി തുടങ്ങിയ ഈ സംഘത്തിൽ മറ്റൊരു ടീമും പഠിതാക്കളുമടക്കം 40 പേർ നിലവിലുണ്ട്.
വിവിധ അസോസിയേഷനുകൾ, വ്യാപാര വ്യവസായ സംരംഭങ്ങളിൽനിന്നും കലാപ്രേമികളിൽനിന്നും മികച്ച പിന്തുണയാണ് തങ്ങൾക്ക് ലഭിച്ചത്.
ഇന്ത്യൻ എംബസിയുടെയും സൗദി സർക്കാറിന്റെയും വിവിധ ആഘോഷങ്ങളടക്കം പല വേദികളിലും ‘ബീറ്റ്സ് ഓഫ് റിയാദ്’ നാസിക് ധോളിന്റെ മേളപ്പെരുക്കം മുഴങ്ങാറുണ്ട്. സൗദി വിവാഹങ്ങൾക്കും വിവിധ പ്രവാസി ഇന്ത്യൻ സംസ്ഥാനക്കാരിൽനിന്നും പുതിയ അന്വേഷണങ്ങളും വന്നു കൊണ്ടിരിക്കുന്നു.
മഹേഷിന്റെ നേതൃത്വത്തിൽ രാജീവ് പണിക്കർ, മുജീബ്, പ്രജീഷ്, കൃഷ്ണേന്ദു, സഹിഷ്ണ, റിസ്വാൻ, സതീഷ്, അശോകൻ, ലിൻസൺ, അനിത്ത്, അനു, അരുൺ, രാഹുൽ രാജ്, ഷെറിൻ, ഭാവദാസൻ, സഹൽ, ഫൈസൽ, അഫ്സൽ, ദീപു, സൽമാൻ, അനസ്, വല്ലി ജോസ്, പ്രശാന്ത്, ശരത്, റാഫി എന്നിവരാണ് ഇപ്പോൾ പഠിച്ച് രംഗത്ത് കൊട്ടുന്നത്.
ആഷിഖ്, ഗിരീഷ്, കശൈബ്, അജേഷ്, അനസ്, ജോർജ്, ജോൺ, ഇഷ, ബോബി, ഇവാൻ, ഷിബി, ആതിര തുടങ്ങിയവർ പുതിയ പഠിതാക്കളാണ്. നാടുവിട്ട മലയാളിക്ക് കൊട്ടും കുരവയും വാദ്യഘോഷങ്ങളും കൊണ്ട് മറുനാട്ടിലും ഉത്സവപ്രതീതി ഒരുക്കി നൽകുകയാണ് ഇതുപോലുള്ള സംഘങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.