അൽ ബാഹ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അസീറിലെ അൽ ബാഹയിൽ പച്ചക്കറികളുടെയും പൂച്ചെടികളുടെയും നഴ്സറികൾ ശ്രദ്ധേയമാകുന്നു. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായ അൽ ബാഹയിൽ ഒരു ഫാം ടൂറിസത്തിന്റെ സാധ്യതകൾ കൂടിയാണ് ഈ നഴ്സറികൾ തുറന്നിട്ടിരിക്കുന്നത്.
ഈ നഴ്സറികളിൽനിന്ന് ഉൽപാദിപ്പിക്കുന്ന പലതരം തൈകൾ പാർക്കുകളിലും വഴിയോരങ്ങളിലും ഓഫിസുകളുടെ പരിസരങ്ങളിലും വെച്ചുപിടിപ്പിക്കുന്നതോടെ മേഖലയുടെ കാഴ്ചാസൗന്ദര്യം വർധിപ്പിക്കുന്നു.
അലങ്കാരപ്പൂക്കളുടെ ചെടികൾ, കുറ്റിച്ചെടികൾ, കള്ളിച്ചെടികൾ തുടങ്ങിയവയെല്ലാം ഇവിടുത്തെ നഴ്സറികളിൽ ഉൽപാദിപ്പിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയിലാണ് ചെടികളുടെ നടീൽ ആരംഭിക്കുന്നത്.
കാലാവസ്ഥക്കനുസരിച്ചുള്ള സസ്യജാലങ്ങളുടെ ജനിതക സവിശേഷതകൾ സംരക്ഷിക്കാനും ഹരിതാഭമായ പരിസ്ഥിതിക അന്തരീക്ഷം സംജാതമാക്കാനും ലക്ഷ്യമിട്ടാണ് പ്രദേശത്തെ നഴ്സറികൾക്ക് പ്രോത്സാഹനം നൽകുന്നതെന്ന് അൽ ബാഹ മേഖല കാർഷിക വിഭാഗം സെക്രട്ടറി ഡോ. അലി ബിൻ മുഹമ്മദ് അൽ സവാത്ത് പറഞ്ഞു.
പ്രദേശത്തിന്റെ പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ ആരോഗ്യമുള്ള തൈകളാണ് ശാസ്ത്രീയമായി പ്രദേശത്തെ നഴ്സറികളിൽ ഉൽപാദിപ്പിക്കുന്നത്. ഹ്യൂമനൈസേഷൻ ആൻഡ് എൻവയേൺമെന്റൽ ആർക്കിടെക്ചർ ഏജൻസിയുടെ സഹകരണത്തോടെ അൽ ബാഹ മുനിസിപ്പാലിറ്റി നഴ്സറി ഉടമകളായ കർഷകർക്കു വേണ്ടി പരമാവധി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.
അൽ ബാഹയിൽ ആകെ 1,90,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 11പ്രധാന നഴ്സറികളാണുള്ളത്. 50,000 വൃക്ഷത്തൈകൾ, 60,000 കുറ്റിച്ചെടികൾ, 11,00,000 പൂച്ചെടികൾ എന്നിവ ഇവിടെനിന്ന് ഓരോ വർഷവും ഉൽപാദിപ്പിക്കുന്നുണ്ട്.
സിദ്ർ, ചൂരൽച്ചെടി, പുളിമരം, അക്കേഷ്യ, ഒലിവ്, പൈൻ മരം എന്നീ ഇനങ്ങളാണ് പ്രധാനമായും വൃക്ഷത്തൈകളിലുള്ളത്. ഈ വർഷം 87,841 മരങ്ങളും 1,33,089 കുറ്റിച്ചെടികളും 17,72,281 പൂച്ചെടികളും അൽ ബാഹ മേഖലയിലാകെ നട്ടുപിടിപ്പിച്ചതായും അധികൃതർ അറിയിച്ചു.
മേഖലയിലെ കാർഷിക നഴ്സറികളിൽ ഓറഞ്ച്, ടാഞ്ചറിൻ (ഒരിനം ഓറഞ്ച്), നാരങ്ങ, മാമ്പഴം, പപ്പായ, അത്തിപ്പഴം, മാതളനാരകം, പേരക്ക, മുന്തിരി തുടങ്ങിയ ഫലവൃക്ഷത്തൈകളും കിളിർപ്പിച്ചെടുക്കുന്നുണ്ട്. ഇവയെല്ലാം പ്രാദേശിക കർഷകർ അവരുടെ തോട്ടങ്ങളിൽ കൃഷി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.