റിയാദ്: സൗദി എൻസൈക്ലോപീഡിയയുടെ (സൗദിപീഡിയ) ചൈനീസ് പതിപ്പ് പുറത്തിറക്കി. വാർത്താവിതരണ മന്ത്രി സൽമാൻ അൽദോസരിയുടെ ചൈന സന്ദർശനത്തിനിടെ സൗദി പീഡിയ ചൈനീസ് പതിപ്പ് ലോഞ്ച് ചെയ്തു. സൗദി-ചൈനീസ് മാധ്യമ പങ്കാളിത്തപദ്ധതിയുടെ ഭാഗമായാണിത്.
ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളുടെ ഒപ്പിടലും എക്സിക്യൂട്ടിവ് പ്രോഗ്രാമുകൾ, വർക്ഷോപ്പുകൾ എന്നിവയും സന്ദർശനത്തിനിടെ നടന്നു. മാധ്യമ മേഖലയിലെ നിരവധി ചൈനീസ് ഉദ്യോഗസ്ഥർ, ഡയറക്ടർ ബോർഡ് ചെയർമാന്മാർ, സി.ഇ.ഒമാർ, മാധ്യമ വ്യവസായ നിക്ഷേപകർ എന്നിവരുമായി അൽദോസരിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
മാധ്യമ സാങ്കേതികമേഖലയിലും അതിന്റെ വിവിധ ശാഖകളിലും സഹകരണം വർധിപ്പിക്കുന്നതിനൊപ്പം മാധ്യമ സഹകരണത്തിനുള്ള സാധ്യതകളും അത് വികസിപ്പിക്കാനുള്ള വഴികളും ഇരുപക്ഷവും തമ്മിലുള്ള അനുഭവങ്ങൾ കൈമാറലും അവയിൽനിന്ന് പ്രയോജനം നേടലുമടക്കം മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്തു.
ചൈനീസ് നാഷനൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ മേധാവി കാവോ ഷുമിൻ, ബെയ്ജിങ് ലാംഗ്വേജ് ആൻഡ് കൾചർ യൂനിവേഴ്സിറ്റി സന്ദർശന വേളയിൽ യൂനിവേഴ്സിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ നി ഹൈഡോങ്, ചൈനീസ് ഭാഷ പഠിക്കാൻ സർവകലാശാലയിലേക്ക് അയച്ച സൗദി വിദ്യാർഥികൾ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
സൗദി പീഡിയയും ബെയ്ജിങ് ലാംഗ്വേജ് ആൻഡ് കൾചറൽ യൂനിവേഴ്സിറ്റിയും തമ്മിൽ ഉള്ളടക്കവും വൈദഗ്ധ്യവും കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ‘ബയ്തു സെർച് എൻജിൻ, ഷാങ്ഹായ് മീഡിയ ഗ്രൂപ്പിന്റെ സി.എൽ.എസ് പ്ലാറ്റ്ഫോം, സി.ഐ.സി.സി ഡേറ്റ എക്സ്ചേഞ്ച് കമ്പനി, ഐ.ഡബ്ല്യു പാർട്ണേഴ്സ് നിക്ഷേപ ഫണ്ട്’ എന്നിവരുമായും സഹകരണ കരാറിൽ ഒപ്പുവെച്ചു.
സൗദി-ചൈനീസ് ബന്ധത്തിന്റെ ആഴം സന്ദർശനത്തിനിടെ അൽ ദോസരി ഊന്നിപ്പറഞ്ഞു. പരസ്പര വിശ്വാസം, ഉറച്ച സൗഹൃദം, ഫലവത്തായ സഹകരണം എന്നിവ എപ്പോഴും ബന്ധത്തിന്റെ സവിശേഷതയാണ്. സൗദി വിഷൻ 2030 ൽ ചൈനയെ ഒരു പ്രധാന പങ്കാളിയായാണ് വീക്ഷിക്കുന്നത്. മാധ്യമങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടെ വിവിധ മേഖലകളിൽ ചൈനയുമായുള്ള സഹകരണം ആഴത്തിലാക്കാനുള്ള സൗദിയുടെ പ്രതിബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.