അൽഅഹ്സ: സൗദിയുടെ സംസ്കാരവും പൈതൃകവും വിളംബരം ചെയ്ത് അൽഅഹ്സയിൽ നടക്കുന്ന ബിഷ്ത് ഉത്സവം ശ്രദ്ധേയമാകുന്നു. ഹുഫൂഫിലെ സൂഖ് അൽഅർബിയയിൽ നടക്കുന്ന ഹസാവി ബിഷ്ത് ഉത്സവമാണ് ശ്രദ്ധയാകർഷിക്കുന്നത്. അറേബ്യൻ പുരുഷ വേഷമായ തോബിന് മുകളിൽ ധരിക്കുന്ന പരമ്പരാഗത അംഗവസ്ത്രമാണ് ബിഷ്ത്.
അൽഅഹ്സയിലെ കൈത്തറി നെയ്ത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ബിഷ്ത് നിർമാണത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉത്സവത്തിൽ അവതരിപ്പിക്കുന്നു. സ്വദേശികൾ പ്രത്യേക അവസരങ്ങളിലും അവധി ദിനങ്ങളിലുമാണ് പ്രധാനമായും ബിഷ്ത് ധരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങളും മികച്ച കൈത്തുന്നലും ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള ത്രെഡുകളും ബട്ടണുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്തും ബിഷ്ത് കൂടുതൽ മനോഹരമാക്കുന്നു. സൗദി അറേബ്യയിലെ പുരുഷ വരന്മാർ ബിഷ്ത് ധരിക്കുന്നു. കൂടാതെ പല സർവകലാശാലകളിലും ബിരുദദാന ചടങ്ങുകളിൽ വിദ്യാർഥികൾ ഇത് ധരിക്കണമെന്നത് നിർബന്ധമാണ്.
കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ്, ബിഷ്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. അൽഅഹ്സ ഗവർണർ അമീർ സഊദ് ബിൻ തലാൽ ബിൻ ബദർ, മുനിസിപ്പൽ-ഗ്രാമീണ, ഭവനകാര്യ മന്ത്രി മാജിദ് അൽഹൊഗെയ്ൽ എന്നിവർ പങ്കെടുത്തു.
ഹസാവി ബിഷ്ത് പൈതൃക അഭിമാന ചിഹ്നമായി അവതരിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിലെ നാഷനൽ ലോജിസ്റ്റിക് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഇമാദ് അൽഗദീർ പറഞ്ഞു. നിരവധി സന്ദർശകർ അവ വാങ്ങാൻ ഉത്സുകരാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹസാവി ബിഷ്തിനെ ഗുണമേന്മയുടെ കാര്യത്തിൽ റോളക്സ് വാച്ചിനോട് താരതമ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.