റിയാദ്: പ്രവാസി പെൻഷനുപുറമെ, വേറെയും നിരവധി പദ്ധതികൾ പ്രവാസി ക്ഷേമ ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ സന്ദർഭങ്ങളിൽ പ്രവാസികൾക്ക് ഉപകരിക്കുന്നതാണ് ഈ പദ്ധതികൾ. ഇവ സംബന്ധിച്ച് വിശദവിവരങ്ങൾ ചുവടെ.
കുടുംബ പെന്ഷന്
പെന്ഷന് അര്‍ഹത നേടിയ ഒരു അംഗം മരണമടയുകയോ തുടര്‍ച്ചയായി അഞ്ചുവർഷം അംശാദായം അടച്ചു പൂര്‍ത്തിയായ ഒരു അംഗം മരണമടയുകയോ ചെയ്താൽ അയാളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം കുടുംബ പെന്ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. കുടുംബ പെന്ഷന് തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്ഷന് തുകയുടെ 50 ശതമാനം ആയിരിക്കും.
അവശത പെന്ഷന്
സ്ഥായിയായ ശാരീരിക അവശതമൂലം നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴില്‍ ചെയ്യാൻ കഴിയാത്തവരും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളതുമായ ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്ഷന് തുകയുടെ 40 ശതമാനത്തിനു തുല്യമായ തുക നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ അവശത പെന്ഷന് ലഭിക്കും. പെന്ഷന്, കുടുംബ പെന്ഷന്, അവശത പെന്ഷന് കൈപ്പറ്റുന്നവര്‍ എല്ലാ വര്‍ഷവും മാര്‍ച്ചില്‍, ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫിസില്‍ ഹാജരാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്.
മരണാനന്തര സഹായം
പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുത്ത് അഞ്ചുവർഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലുമുള്ള അംഗങ്ങളുടെ ആശ്രിതര്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപയാണ് മരണാനന്തര ധനസഹായം ലഭിക്കുന്നത്. അഞ്ച് കൊല്ലം കഴിഞ്ഞാണ് മരണപ്പെടുന്നതെങ്കില്‍ അംഗത്തിന്റെ നോമിനിക്ക് കുടുംബ പെന്ഷന് അര്‍ഹതയുണ്ടായിരിക്കും.
ചികിത്സ സഹായം
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സക്കായി സഹായം നൽകുന്നുണ്ട്. ഒരംഗത്തിന് മുഴുവന്‍ അംഗത്വ കാലയളവില്‍ 50000 രൂപയെന്ന പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, അംഗത്തിന്റെ ഏതെങ്കിലും ചികിത്സക്ക് കേന്ദ്ര, കേരള സര്‍ക്കാറുകളില്‍നിന്നോ നോര്‍ക്ക റൂട്ട്സില്നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ധനസഹായം ലഭിക്കുന്നപക്ഷം ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
ചികിത്സ കഴിഞ്ഞ് ആറുമാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും സഹകരണ ആശുപത്രികളിലെയും സര്‍ക്കാര്‍ അംഗീകരിച്ച പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും ചികിത്സക്കാണ് ധനസഹായം ലഭിക്കുക. പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ ലിസ്റ്റ് വെബ് സൈറ്റില്‍ ലഭ്യമാണ്. വിദേശത്താണ് ചികിത്സ നടക്കുന്നതെങ്കില്‍ ആ രാജ്യത്തെ എംബസിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. എംബസിയുടെ സാക്ഷ്യപത്രം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുടെ നിർദിഷ്ട സാക്ഷ്യപത്രം ഹാജരാക്കാം.
വിവാഹ ധനസഹായം
അംഗത്വമെടുത്ത് മൂന്നുവര്‍ഷം കഴിഞ്ഞതോ കുറഞ്ഞത് മൂന്നുവര്‍ഷത്തെ അംശാദായം അടച്ചതോ ആയ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചെലവിനായി 10000 രൂപ ഒരംഗത്തിന് നിധിയില്‍നിന്നും ലഭിക്കും. എന്നാല്‍, രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
പ്രസവാനുകൂല്യം
തുടര്‍ച്ചയായി രണ്ടുവര്‍ഷക്കാലം അംശാദായം അടച്ചിട്ടുള്ള ഒരു വനിത അംഗത്തിന് പ്രസവത്തിന് 3000 രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, ഒരംഗത്തിന് രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകില്ല. ഗര്‍ഭം അലസല്‍ സംഭവിച്ച വനിത അംഗത്തിന് 2000 രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, രണ്ടുതവണ പ്രസവാനുകൂല്യമോ ഗര്‍ഭം അലസലിനുള്ള ആനുകൂല്യമോ രണ്ടും കൂടിയോ ലഭിച്ച അംഗത്തിന് തുടര്‍ന്ന് ഈ ആനുകൂല്യത്തിന് അര്‍ഹത യുണ്ടാകില്ല.
വിദ്യാഭ്യാസ ആനുകൂല്യം
രണ്ടുവര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. നിലവില്‍ പ്ലസ് ടു/ഹയര്‍ സെക്കൻഡറി കോഴ്സിനു ശേഷമുള്ള വിവിധ കോഴ്സുകള്‍ക്കാണ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നത്. ഒരംഗത്തിന് അംഗത്വ കാലയളവില്‍ ഒരുതവണ മാത്രമാണ് ഇത് ലഭിക്കുക. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം കേരളത്തിലായിരിക്കണം. പ്രവേശനം നേടിയത് മെറിറ്റ് സീറ്റിലായിരിക്കണം.
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍
ഓരോ ആനുകൂല്യത്തിനും പ്രത്യേക അപേക്ഷ ഫോറങ്ങൾ ഉണ്ട്. ബോര്‍ഡിന്റെ വെബ്സൈറ്റായ www.pravasikerala.orgല്‍ നിന്നോ ഓഫിസുകളില്‍ നിന്നോ അപേക്ഷ ഫോറങ്ങള്‍ ലഭ്യമാണ്. ഒരു വര്‍ഷത്തിലേറെ അംശാദായം അടക്കാതെ അംഗത്വം റദ്ദായിരിക്കുന്ന സമയത്താണ് ആനുകൂല്യം ലഭിക്കേണ്ട സംഭവം നടക്കുന്നതെങ്കില്‍ ധനസഹായത്തിന് അര്‍ഹത ഉണ്ടാകില്ല. അപേക്ഷകള്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഓഫിസിന്റെ തിരുവനന്തപുരം മുഖ്യ ഓഫിസിലാണ് സമര്‍പ്പിക്കേണ്ടത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.