ജിദ്ദ: മദീനയിൽ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ സൈക്കിൾ, സ്കൂട്ടർ സൗകര്യം ഒരുക്കുന്നു. 165 സ്റ്റേഷനുകളിൽ സേവനം ആവശ്യമുള്ളവർക്ക് സൈക്കിളുകളും സ്കൂട്ടറുകളും ലഭിക്കും. ഇതിനായുള്ള സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രാജ്യത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പൊതു ശൃംഖലയാണിത്.
വിദഗ്ധ കമ്പനിയുമായി സഹകരിച്ച് മദീന മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അൽമഖർ ഡെവലപ്മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് സൈക്കിളുകളാണ് ലഭ്യമാക്കുക. രണ്ടാം ഘട്ടത്തിൽ സ്കൂട്ടറുകളും ഉൾപ്പെടുത്തി ശൃംഖല വിപുലീകരിക്കും. അടുത്ത വർഷം തുടക്കത്തിൽ ഇവ മദീന നഗരത്തിലുടനീളം വ്യാപിപ്പിക്കും.
തുടക്കത്തിൽ ഇലക്ട്രിക് സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമായി 60 സ്റ്റേഷനുകളുണ്ടാകുമെന്ന് അൽമഖർ ഡെവലപ്മെന്റ് കമ്പനി സി.ഇ.ഒ മാജിദ് ബിൻ മുഹമ്മദ് അൽ ഷൽഹൂബ് പറഞ്ഞു. ഇത് പിന്നീട് 165 സ്റ്റേഷനുകളാക്കി വികസിപ്പിക്കും.
പരിസ്ഥിതി സൗഹൃദ സംവിധാനത്തിലൂടെ നഗരങ്ങളിലെ ഗതാഗതം സുഗമവും സൗകര്യപ്രദവുമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരങ്ങൾക്കുള്ളിലെ ട്രാഫിക് കുരുക്കുകളിൽ പെടാതെ യാത്രാസമയം കുറക്കുന്നതിന് പൊതുജനങ്ങളെ ഇത് സഹായിക്കും.
കാർബൺ പുറന്തള്ളൽ കുറക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ‘ഹരിത സൗദി അറേബ്യ’യുടെ ലക്ഷ്യങ്ങളിൽ പെടുന്നതാണെന്നും സി.ഇ.ഒ പറഞ്ഞു. സ്കൂട്ടർ, സൈക്കിൾ ശൃംഖല മദീനയിലെ ഇതര പൊതുഗതാഗത മാർഗങ്ങളുമായി ബന്ധിപ്പിക്കും. ഹറമൈൻ എക്സ്പ്രസ് ട്രെയിൻ, ബസ് സ്റ്റേഷനുകൾ ഇതിലുൾപ്പെടും. മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും നഗരത്തിനുള്ളിലെ ഗതാഗതം സുഗമമാക്കുന്നതിന് ഏറ്റവും ഉചിത മാർഗമായി ഇത് മാറും.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് ഇതെന്നും അൽമഖർ ഡെവലപ്മെന്റ് കമ്പനി പൊതുതാൽപര്യാർഥമാണ് ഇത് നടപ്പാക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിര വികസന അജണ്ട മെച്ചപ്പെടുത്തുന്നതിനും ‘വിഷൻ 2030’, ‘ഗ്രീൻ സൗദി ഇനിഷ്യേറ്റിവ്’ എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.