ബൈഡന്റെ സൗദി സന്ദർശനം സുപ്രധാന തീരുമാനം -ജി.സി.സി കൗൺസിൽ

ജിദ്ദ: 2021 ജനുവരിയിൽ അധികാരമേറ്റതിനുശേഷം ബൈഡൻ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് സൗദി സന്ദർശനമെന്ന് ജി.സി.സി കൗൺസിൽ രാഷ്ട്രീയകാര്യ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽഉവൈശഖ് പറഞ്ഞു. പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് പ്രസിഡൻറുമാരുടെ സൗദി സന്ദർശനങ്ങൾ സാധാരണമാണ്. ഏകദേശം ഒമ്പതു പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ ബന്ധമുണ്ട്. 1933ൽ അമേരിക്കൻ കമ്പനികളുമായി എണ്ണക്കരാർ ഒപ്പുവെച്ചു. 1942ൽ നയതന്ത്രബന്ധം സ്ഥാപിച്ചു. തുടർന്ന് 1945ൽ പ്രസിഡൻറ് റൂസ്‌വെൽറ്റുമായി അബ്ദുൽ അസീസ് രാജാവ് കൂടിക്കാഴ്ച നടത്തി.

ബൈഡന്റെ ഇപ്പോഴത്തെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം രാഷ്ട്രീയവും സാമ്പത്തികവും സുരക്ഷാപരവുമായ ബഹുമുഖ പ്രതിസന്ധി ഘട്ടത്തിലാണിത്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ സുരക്ഷയിൽ യുക്രെയ്ൻ യുദ്ധത്തിന്റെ രാഷ്ട്രീയവും സൈനികവുമായ മാനങ്ങൾക്കു പുറമേ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ശീതയുദ്ധത്തിന്റെ അന്തരീക്ഷം നിലവിലുണ്ട്. മേഖലയിൽ അന്താരാഷ്ട്ര മത്സരം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ബൈഡന്റെ സൗദി സന്ദർശനമെന്നും അൽഉവൈശഖ് പറഞ്ഞു.

ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ ബാധിക്കുകയും ഊർജവും ഭക്ഷ്യസുരക്ഷയും അന്താരാഷ്ട്ര ബന്ധങ്ങളിൽ രണ്ടു പ്രധാന മുൻഗണനകളാക്കി മാറ്റുകയും ചെയ്തു. ഉയർന്ന തോതിലുള്ള പണപ്പെരുപ്പവും എണ്ണവിലക്കയറ്റവുമുണ്ടായി. ചൈനയുമായി രാഷ്ട്രീയമായും സാമ്പത്തികമായും കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കക്ക് അന്താരാഷ്ട്രതലത്തിൽ അതിന്റെ പങ്ക് ഉറപ്പിക്കാൻ എല്ലാ ശക്തി ഉപകരണങ്ങളും ആവശ്യമായ ഘട്ടവുമാണ്. ഇറാന്റെ നിലപാടിൽ ഗൾഫ് മേഖല വെല്ലുവിളി നേരിടുകയാണ്.

ആണവചർച്ചകളുടെ പരാജയം, തെഹ്‌റാൻ ആണവ പദ്ധതി ശക്തിപ്പെടുത്തൽ, ആണവോർജ ഏജൻസിയുമായുള്ള സഹകരണമില്ലായ്മ എന്നിവയും വിഷയങ്ങളാണ്. ഇറാൻ തീവ്രവാദത്തെയും വിഭാഗീയ സായുധസംഘങ്ങളെയും പിന്തുണക്കുകയാണ്. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അവരുടെ ഇടപെടലുമുണ്ട്. അങ്ങനെ രാഷ്ട്രീയമായും നയതന്ത്രപരമായും സാമ്പത്തികമായും ഇത്തരം വിഷയങ്ങളിൽ നേതൃപരമായ പങ്ക് സ്ഥിരീകരിക്കുന്നതാണ് ബൈഡന്റെ സൗദി സന്ദർശനം. ഹജ്ജ് സീസണിന്റെ വിജയകരമായ പൂർത്തീകരണത്തിന് തൊട്ടുടനെയാണ് ഈ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

ജിദ്ദ ഉച്ചകോടിയിൽ പങ്കെടുക്കുന്ന 10 രാജ്യങ്ങൾ അമേരിക്കയുടെ വിദേശനയത്തിലും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിലും പ്രധാന സ്ഥാനത്തുള്ളവയാണ്. പ്രത്യേകിച്ചും അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കയുടെ പിൻവാങ്ങലും യുക്രെയ്ൻ യുദ്ധവും. മേഖലയുടെ സുരക്ഷ നിലനിർത്തുന്നതിലും യുക്രെയ്ൻ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിലും ഈ രാജ്യങ്ങളുടെ പ്രാധാന്യം വർധിച്ചിരിക്കുന്നു.

ഊർജസുരക്ഷയും അതിന്റെ വിപണിസ്ഥിരതയുമാണ് ഇരുരാജ്യങ്ങളും പൊതുവായി ഊന്നിപ്പറയുന്ന വിഷയങ്ങൾ. ഊർജ ഉൽപാദനം വർധിപ്പിക്കാനും ഊർജസുരക്ഷ കൈവരിക്കുന്നതിനുള്ള മേഖലയുടെ സംഭാവന വർധിപ്പിക്കാനും യു.എസ് ശ്രമിക്കുന്നു. വ്യാപാരവും നിക്ഷേപ വിനിമയവും മെച്ചപ്പെടുത്തുന്നതും ഒരു പ്രധാന വിഷയമാണ്. നിലവിൽ, യു.എസും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരവിനിമയം ഏകദേശം 2500 കോടി ഡോളറാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വിനിമയം വർധിപ്പിക്കുന്നതിന് വിശാലമായ സാധ്യതയുണ്ട്. അതുപോലെ അമേരിക്കക്കും ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ തമ്മിലും സാധ്യതയേറെയാണ്. മേഖലയിലെ രാജ്യങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിഷയം നിക്ഷേപമായിരിക്കും. നിക്ഷേപ മേഖലയിൽ ലോകത്ത് ഏറ്റവും സജീവമായ രാജ്യമാണ് അമേരിക്ക. വിദേശ നിക്ഷേപം ഏറ്റവുമധികം സ്വീകരിക്കുന്ന രാജ്യമാണിതെന്നും അൽഉവൈശഖ് പറഞ്ഞു.

Tags:    
News Summary - Biden's visit to Saudi an important decision -GCC Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.