ദമ്മാം: അധികാര പരിസരത്തുനിന്ന് പ്രബുദ്ധരായ ഒരു ജനത ബി.ജെ.പിയെ ആട്ടിയോടിച്ചതിെൻറ കൊതിക്കെറുവാണ് കേരളത്തിൽ ഗവർണർ ആരിഫ് ഖാനിലൂടെ പുറത്തു വരുന്നതെന്ന് ഉത്തർ പ്രദേശ് അംറൂഹയിലെ എം.പിയും ബഹുജൻ സമാജ് വാദി പാർട്ടി നേതാവുമായ ഡാനിഷ് അലി പറഞ്ഞു. അലിഗഢ് മുസ്ലീം യൂനിവേഴ്സിറ്റി അലുംനി അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.
കേരളത്തിൽ മാത്രമല്ല അധികാരത്തിലില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലും സ്വസ്ഥമായി ഭരിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഭരണഘടനാപരമായ മുഴുവൻ ഉത്തരവാദിത്തങ്ങളേയും മറന്നാണ് ഗവർണർ പലകാര്യങ്ങളിലും ഇടപെടുന്നത്. എല്ലായിടത്തും വിഭാഗീയതകൾ സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. അതിലൂടെ അധികാരം നേടുകയും രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ഭരണകൂട സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുകയാണ്. രാജ്യത്തെ ബാധിക്കുന്ന ഒന്നിനെക്കുറിച്ചും അവർ സംസാരിക്കുന്നില്ല.
അരിവില ഉയരുന്നത് അവർക്ക് പ്രശ്നമല്ല, പെട്രോൾ വില അവരെ ബാധിക്കുന്നതേയില്ല. ചെറുകിട കച്ചവടക്കാരുടെയും കൃഷിക്കാരുടേയും നടുവൊടിയുന്നത് അവർ ശ്രദ്ധിക്കുന്നതേയില്ല. അവർക്ക് പറയാനുള്ളത് വിഭാഗീയതകൾ മാത്രമാണ്. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അതുകൊണ്ടാണ് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നത്. എതിരു പറയുന്നവരെ നിശ്ശബ്ദരാക്കുന്ന നടപടികൾ ഭരണകൂടം കൈകൊള്ളുന്നു. യു.പിയിൽ നടക്കുന്ന മനുഷ്യത്വ വിരുദ്ധ ബുൾഡോസർ സംവിധാനങ്ങളെക്കുറിച്ച് മാത്രമാണ് ആളുകൾ സംസാരിക്കുന്നത്. മറിച്ച് ബി.ജെ.പി ഇത് രാജ്യം മുഴുവൻ നടപ്പാക്കുകയാണ്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതാണ് പ്രധാനമായും അവരുടെ ലക്ഷ്യം.
ഇതിനെതിരെ ജനാധിപത്യ വാദികളുടെ കൂട്ടായ്മ ഉയർന്നുവരേണ്ടതുണ്ട്. നിർഭാഗ്യവശാൽ അത് ഉണ്ടാകുന്നില്ല. ഓരോരുത്തരും അവരവരുടെ താൽപര്യങ്ങൾക്കായി നിലകൊള്ളുകയാണ്. അതിനുപകരം വിട്ടുവീഴ്ചാ മനോഭാവത്തോടെ രാജ്യതാൽപര്യങ്ങൾക്കായി നിലകൊള്ളാൻ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരണം. അത് സാധ്യമാകുമെന്ന് തന്നെയാണ് തെൻറ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതിലുടെയാണ് ഡാനിഷ് അലി ഇന്ത്യൻ രാഷ്ടീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ബി.ജെ.പിയുടെ ഏറ്റവും ധനികനായ സ്ഥാനാർഥി കമർസിങ് ശർമ്മയെ 60,000 വോട്ടിെൻറ വ്യത്യാസത്തിലാണ് ഡാനിഷ് പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രി ഉൾപ്പടെ ബി.ജെ.പിയുടെ സർവസന്നാഹങ്ങളുമെത്തി നടത്തിയ പ്രചരണങ്ങളെ മറികടന്നാണ് അദ്ദേഹം വിജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.