‘‘ഏതു വസ്തുവും നമുക്ക് അത്രമേൽ പ്രിയതരമായിരുന്നുവെന്ന് തിരിച്ചറിയുന്നത്, അത് സ്വന്തമാകുന്നതിന് മുമ്പും അത് നഷ്ടപ്പെട്ടു കഴിഞ്ഞുമാണ്’’ -സൗദിയിൽ പ്രവാസിയായ എഴുത്തുകാരി സബീന എം. സാലിയുടെ നോവൽ ലേഡി ലാവണ്ടറിലെ ഹൃദയത്തിൽ പതിഞ്ഞ വരികളാണിവ.
അഭയാർഥികളുടെ നീറുന്ന ജീവിതക്കാഴ്ചകൾക്കൊപ്പം തീവ്രവാദത്തിെൻറയും ഫാഷിസത്തിെൻറയും പശ്ചാത്തലത്തിൽ സബീന എഴുതിയ തികച്ചും വ്യതിരിക്തമായ റൊമാൻസ് ഫിക്ഷനാണിത്. ഡി.സി ബുക്സ് റൊമാൻസ് ഫിക്ഷൻ മത്സര ചുരുക്കപ്പട്ടികയിൽ ഇത് ഇടംപിടിച്ചിരുന്നു.
അലറിവിളിക്കുന്ന ദുരന്തത്തിെൻറ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നുവീശുമ്പോഴും സമാനതകളില്ലാത്ത പ്രണയംകൊണ്ട് വാചാലരാകുകയാണ് ആദിലും യൊഹാനും. അഭയാർഥികളുടെ സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങൾക്ക് സ്നേഹംകൊണ്ടൊരു തുന്നിക്കെട്ടാണ് ഈ നോവലെന്നാണ് ആമുഖത്തിൽ നോവലിസ്റ്റിെൻറ സാക്ഷ്യം. വായന പുരോഗമിക്കുമ്പോൾ അതിനും മുകളിലുള്ള ഹൃദയാലുത്വവും അഭയമറ്റവരോടുള്ള അക്ഷരൈക്യവും ദുരന്തങ്ങൾക്കിടയിലും നിറയുന്ന ആദിലിെൻറയും യോഹാെൻറയും നിരുപാധികവും ആത്മാർഥത തുളുമ്പുന്നതുമായ പ്രണയത്തിെൻറ ലാവണ്ടർ സുഗന്ധവുമാണ് അനുഭവപ്പെടുന്നത്. ആദ്യ അധ്യായം പദശുദ്ധിയാലും പദപ്രയോഗങ്ങളുടെ കാവ്യസൗരഭ്യം തുളുമ്പുന്ന നടനലയത്താലും മ്യൂണിക് നഗരത്തിെൻറ ഓരോ അണുവിനെയും കാഴ്ചയെയും ഒരു ചലച്ചിത്രത്തിലെന്നപോലെ അനുഭവിപ്പിക്കുന്നുവെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. ‘മതത്തിെൻറയും വംശത്തിെൻറയും രാഷ്ട്രത്തിെൻറയും വേലിക്കെട്ടുകളില്ലാതെ, സകല സ്പർധകളെയും വൈരങ്ങളെയും കെടുത്തിക്കളഞ്ഞുകൊണ്ട് എന്തുകൊണ്ട് മനുഷ്യന് ജീവിച്ചുകൂടാ?’ എന്ന് യൊഹാനിലൂടെ നോവലിസ്റ്റ് ചോദിക്കുന്നത്, നിർവചിക്കാൻ കഴിയാത്ത വികാരമായി ആത്മാവിലേക്കാണ് പടരുന്നത്.
‘വെറുപ്പിനുള്ള ഔഷധം സ്നേഹമാണ്, പ്രണയമാണ്. അതുകൊണ്ട് ഞാൻ മനുഷ്യജാതിയാണ്. എെൻറ മതം സ്നേഹമാണ്. എെൻറ രാഷ്ട്രം പ്രണയമാണ്’. യസീദി കുലത്തിൽ ജനിച്ചുവെന്ന കാരണത്താൽ അനുഭവിക്കേണ്ടിവന്ന യാതനകളാൽ യൊഹാെൻറ ഹൃദയ മുറിവുകളിലൂടെ, നോവുകളിലൂടെ നീറിനീറി വായന നീളുമ്പോൾ ചരിത്രകുതുകിയായ ഗ്രന്ഥകാരിയെ അവരുടെ അശ്രാന്ത അന്വേഷണ വായ്പിനെക്കൂടിയാണ് വായനക്കാർ കണ്ടെത്തുന്നത്. തെൻറ സ്ത്രീത്വത്തെ അപമാനിച്ചവനെ സ്വയരക്ഷക്കായി ഹനിക്കേണ്ടി വന്നപ്പോഴും അവെൻറ ശരീരത്തിൽനിന്ന് ഒഴുകിപ്പരക്കുന്ന ചോരയിൽ മുങ്ങിമരിക്കുന്ന ഒരുപറ്റം ഉറുമ്പുകൂട്ടങ്ങളാണ് അവളുടെ കണ്ണുകളെ സജലങ്ങളാക്കുന്നത്. ആ ഉറുമ്പുകളെ ഓർത്തിട്ടാണ് അവൾ വേദനിക്കുന്നത്. ആ സന്ദർഭത്തിൽ സ്ത്രീത്വത്തിെൻറ ശക്തമായ രണ്ട് ഭാവങ്ങളാണ് ഒരേസമയം എഴുത്തുകാരി കോർത്തിണക്കുന്നത്.
അഭയാർഥികൾ അനുഭവിക്കുന്ന കൊടുംക്രൂരതകൾ നിറഞ്ഞ ഭാഗങ്ങളിലൂടെ വായന നീണ്ടപ്പോൾ നോവലിെൻറ പിറവി നേരങ്ങളിൽ എഴുത്തുകാരി അനുഭവിച്ചിട്ടുള്ള അന്തഃസംഘർഷങ്ങളിലേക്കും എഴുത്തുന്മാദങ്ങളിലേക്കുമാണ് മനസ്സോടിപ്പോയത്. വായന തീരുമ്പോൾ ‘ടേക് യുവർ ടൈം ആൻഡ് ഫാൾ ഇൻ ലവ്’ എന്ന ആദിലിെൻറ ഇഷ്ടഗാനം ടേക് യുവർ ടൈം ആൻഡ് ‘റെയ്സ് ഇൻ ലവ്’ എന്ന് തിരുത്തിയെഴുതാനാണ് തോന്നിയത്. തീവ്രമായ അഭയാർഥി നൊമ്പരങ്ങൾക്കും തീവ്രവാദത്തിെൻറയും ഫാഷിസത്തിെൻറയും പച്ചയായ തലങ്ങൾക്കുമൊപ്പം പ്രണയത്തിെൻറ ഉയർച്ചയേയും ഉണർച്ചയേയുമാണ് ലേഡി ലാവണ്ടർ സമ്മാനിക്കുന്നത്.
തുടങ്ങിയാൽ വായന പൂർത്തിയായിത്തീരാതെ ഈ പുസ്തകം അടച്ചുവെക്കാൻ കഴിയില്ല എന്നതാണ് അനുഭവം. കാഴ്ചയിൽനിന്ന് കേൾവിയിലേക്കും അനുഭൂതിതലത്തിലേക്കും ഹൃദയങ്ങളെ ചലിപ്പിക്കുന്നതിനൊപ്പം കെട്ടിലും മട്ടിലും ആകർഷകമായ പുസ്തകരൂപ സുഖമേകുന്നുണ്ട് ലേഡി ലാവണ്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.