മക്ക: മസ്ജിദുൽ ഹറാമിൽ ആയുധവുമായെത്തിയ ഒരാൾ പിടിയിൽ. മക്ക മേഖല സുരക്ഷ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച അസ്ർ നമസ്കാരത്തിനു ശേഷം ഹറമിന്‍റെ ഒന്നാം നിലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഒന്നാം നിലയിൽ ആയുധം ധരിച്ച ഒരാൾ തീവ്രവാദ സംഘടനകളെ പിന്തുണച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നത് ഹറം സുരക്ഷ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ സുരക്ഷ സേന അയാളെ പിടികൂടുകയായിരുന്നു.
കസ്റ്റഡിയിലുള്ള ഇയാൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും പൊലീസ് വക്താവ് പറഞ്ഞു. ഇയാളെ സുരക്ഷാ സേന പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മസ്ജിദുൽ ഹറാമിൽ വെച്ച് വംശീയമായി മുദ്രാവാക്യം മുഴക്കിയ സംഭവത്തെ ഇരുഹറം കാര്യാലയ മേധാവി അപലപിച്ചു. ഇരുഹറമുകൾ ചുവന്നരേഖയാണെന്നും അതിന്റെ വിശുദ്ധി കളങ്കപ്പെടുത്തരുതെന്നും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇരു ഹറമിലെ സുരക്ഷ തകർക്കാനും അവിടെയെത്തുന്നവരെ ഭയപ്പെടുത്താനും ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ അൽസുദൈസ് സുരക്ഷ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.