ബുറൈദ നഗരം

പാചകകലയിലെ ആദ്യ ഗൾഫ് നഗരമായി ബുറൈദ യുനെസ്കോയിൽ

ബുറൈദ: പാചക കലയിലെ ആദ്യ ഗൾഫ് നഗരമായും രണ്ടാമത്തെ അറബ് നഗരമായും ബുറൈദ 'യുനെസ്കോ ക്രിയേറ്റീവ് സിറ്റീസി'ൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ബ്രസീലിയൻ നഗരമായ സാന്റോസിൽ നടന്ന യുനെസ്കോ ക്രിയേറ്റിവ് നഗരങ്ങളുടെ 14-ാമത് വാർഷിക സമ്മേളനത്തിലാണ് സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയുടെ ആസ്ഥാനമായ ബുറൈദ തെരഞ്ഞെടുക്കപ്പെട്ടത്. റിയാദിൽനിന്ന് 360 കിലോമീറ്റർ വടക്കുപടിഞ്ഞാറായും രാജ്യത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായും സ്ഥിതി ചെയ്യുന്ന ബുറൈദ നഗരം ഇതോടെ പാചകകലയുടെ ഭൂപടത്തിൽ ശ്രദ്ധേയസ്ഥാനത്ത് അടയാളപ്പെട്ടു.

സൃഷ്ടിപരമായ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുന്ന നഗരങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനും അവ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും വേണ്ടി യുനെസ്കോ രൂപപ്പെടുത്തിയ നഗര ശൃംഖലയാണ് 'ക്രിയേറ്റീവ് സിറ്റീസ്'. നഗരങ്ങളുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിനും ക്രിയേറ്റീവ് സിറ്റീസ് നെറ്റുവർക്ക് അവസരമൊരുക്കുന്നു.

അൽഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസിന്റെ നിർദേശങ്ങളും നടപടികളുമാണ് ഇത്തരമൊരു അന്താരാഷ്ട്ര പങ്കാളിത്തത്തിന് അവസരമൊരുക്കിയതെന്ന് ബുറൈദ നഗരത്തിന്റെ യുനെസ്കോ ലെയ്‌സൺ ഓഫീസർ സുലൈമാൻ ബിൻ അലി അൽ-ഗഫാരി പറഞ്ഞു. 90 രാജ്യങ്ങളിൽ നിന്ന് 295 സർഗാത്മക നഗരങ്ങൾക്കാണ് സാന്റോസ് സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകവിപണിയുടെയും ഈത്തപ്പഴ മാർക്കറ്റിന്റെയും മഹിമ നിലനിർത്തുന്ന ബുറൈദക്ക് യുനെസ്കോ അംഗീകാരം മറ്റൊരു മികവായി മാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.