കേരളത്തിലെ നബിദിനാഘോഷത്തിന്റെ വിഡിയോകൾ കാണാനിടയായി. ഖുർആന്‍ പാരായണം, സ്വലാത്തുകള്‍, ഇസ്ലാമിക കലാപരിപാടികള്‍, മതപ്രസംഗം, അന്നദാനം, കുട്ടികളും മുതിർന്നവരും അണിയണിയായി നീങ്ങിയ ഘോഷയാത്രകൾ, ഇമ്പമാർന്ന മദ്ഹ് ഗാനങ്ങളുടെ താളത്തിന് ചുവടു തീർത്ത് ദഫ് മുട്ടുകൾ... അതിന് പല വർണത്തിലുള്ള ഡ്രസുകളും തൊപ്പികളും കൂടി ആയപ്പോൾ കൂടുതൽ ചന്തമേകി. ഘോഷയാത്രക്ക് ഓരോ കവലയിലും സ്വീകരണങ്ങൾ, മിഠായിയും പായസവും ബിരിയാണിയും വരെ നൽകി നബിദിന റാലിയെ സ്വീകരിച്ചവർ.
പതിവുപോലെ ഇതരമതസ്ഥരും ആഘോഷത്തിൽ പങ്കുചേർന്നു. ദഫുമായി നബിദിന റാലിയിൽ ചുവടുവെച്ച ഹൈന്ദവ സഹോദരങ്ങൾ, മധുരപാനീയങ്ങളും നോട്ടുമാല നൽകിയും നബിദിന റാലിയെ സ്വീകരിച്ച അമ്പലക്കമ്മിറ്റിക്കാരും വീട്ടുകാരും. എത്ര സുന്ദരമായ കാഴ്ചകൾ. ആസുരകാലത്ത് ജാതിമത ഭേദമന്യേ സഹജീവികളോട് അനുകമ്പയും സ്നേഹവും കരുണയും സാഹോദര്യത്തിന്റെയും വില ഓർമിപ്പിക്കുന്നതായിരുന്നു നബിദിനാഘോഷം.
പക്ഷേ, അതിനിടയിൽ അതേ നബിദിനത്തിന്റെ പേരിൽ കണ്ട ചില ആഭാസങ്ങൾ കൂടി പറയാതിരിക്കാൻ വയ്യ! വഴിയിൽ കിടക്കുന്ന മുള്ളിനെപ്പോലും എടുത്തുമാറ്റുന്നതിൽ പുണ്യമുണ്ടെന്ന് പറഞ്ഞ പ്രവാചകനോടുള്ള ചിലരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനങൾ സമൂഹത്തിൽ വെറുപ്പുളവാക്കുന്നവയായിരുന്നു. നബിദിന റാലി എന്ന ബാനർ കെട്ടി അലങ്കരിച്ച വാഹനത്തിൽനിന്ന് വരുന്ന ഡി.ജെ പാട്ടിനു നടുറോഡിൽ തുള്ളിക്കളിക്കുന്ന ആണുങ്ങളും പെൺകുട്ടികളും. അത് കണ്ടിട്ട് നിങ്ങളോട് വെറുപ്പാണ് തോന്നിയത്.
ഏത് പാട്ടിനൊത്ത് എവിടെയും ആടാനും പാടാനും സ്വാതന്ത്ര്യമുള്ള രാജ്യത്ത് നിങ്ങൾക്കും അതിനുള്ള അവകാശമുണ്ട്. പക്ഷേ, അത് നബിദിനം എന്ന ബാനർ വെച്ചാകരുത് എന്നേയുള്ളൂ. തിരുനബിയെ കുറിച്ച് കേട്ടറിഞ്ഞവരും വായിച്ചറിഞ്ഞവരും മനസ്സിലാക്കാൻ ശ്രമിക്കുന്നവരുമായ നിരവധി ആളുകളുടെ മുന്നിലേക്ക് നബിദിനത്തിന്റെ പേരും പറഞ്ഞ് ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടി തിരുനബിയെ അവഹേളിക്കരുത്.
ഒരാളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നതിൽ പോലും ധർമമുണ്ടെന്നു പഠിപ്പിച്ച പ്രവാചകനോടുള്ള സ്നേഹപ്രകടനം പള്ളിമുറ്റത്തു വെച്ചുള്ള കൂട്ടത്തല്ലോടെയാണ് ഒരു സ്ഥലത്ത് അവസാനിച്ചത്. ഇതിൽനിന്നൊക്കെ എന്ത് നബിദിന സന്ദേശമാണ് നിങ്ങൾ പൊതുസമൂഹത്തിന് നൽകുന്നത്? ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന പണ്ഡിത നേതാക്കളോടാണ്. നബിദിനം ഇനിയും വരും. കൂടുതൽ വിപുലമായി അത് ആഘോഷിക്കപ്പെടും. ഇതരമതസ്ഥരും ആ ആഘോഷത്തിൽ പങ്കെടുക്കും. വൈറൽ വിഡിയോകൾ ഇനിയും വരും. പണ്ഡിതന്മാർ കൂടിയിരിക്കണം, സംഘടന നേതാക്കൾ ചേർന്നിരിക്കണം. ചർച്ച ചെയ്യണം. നബിദിനം ഹലാലോ ഹറാമോ അതിന് പ്രമാണത്തിൽ തെളിവുണ്ടോ എന്ന് ചർച്ച ചെയ്യാനല്ല.
ആ ചർച്ച ലോകാവസാനം വരെ തീരുകയുമില്ല. പ്രമാണത്തിൽ തെളിവുള്ളവർ അത് ആഘോഷിക്കട്ടെ, തെളിവില്ലാത്തവർ ആഘോഷിക്കുകയും വേണ്ട!എന്നാൽ, നബിദിനം വെളിവില്ലാതെ ആഘോഷിക്കേണ്ട ഒന്നല്ല. ലോകത്തിനു മുഴുവനും മാതൃകയായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം മാതൃകയാകുംവിധം എങ്ങനെ ആഘോഷിക്കണമെന്ന് ചർച്ച ചെയ്യണം. അതിരുകൾ നിർണയിച്ചു ഫത്വ ഇറക്കണം. താഴെത്തട്ടിലേക്ക് അത് കൈമാറണം. പള്ളി മിംബറുകൾ അതിനുപയോഗപ്പെടുത്തണം. ആചാരങ്ങൾ കൈവിട്ട് ആഭാസങ്ങൾ ആകാതെ തടഞ്ഞുനിർത്താൻ നിങ്ങളെ കൊണ്ട് കഴിയണം. അെല്ലങ്കിൽ നബിദിനത്തിന്റെ പേരും പറഞ്ഞ് കാട്ടിക്കൂട്ടുന്ന ഈ തോന്നിവാസങ്ങൾക്ക് മുഴുവനും നാളെ നിങ്ങൾ മറുപടി പറയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.