റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ച് രൂപപ്പെട്ട സൗദി-ഫ്രഞ്ച് സഹകരണത്തെ സൗദി മന്ത്രിസഭ യോഗം സ്വാഗതംചെയ്തു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അനന്തരഫലങ്ങളും യോഗം ചർച്ചചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ എല്ലാ മേഖലകളിലുമുള്ള ചരിത്രപരവും നയതന്ത്രപരവുമായ ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും കാബിനറ്റ് അവലോകനം ചെയ്തു.
ഊർജ മേഖലയിലെ സഹകരണം സംബന്ധിച്ച് രാജ്യവും ഫ്രാൻസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെയും കാലാവസ്ഥ വ്യതിയാന വിഷയത്തിൽ ഐക്യരാഷ്ട്രസഭ ചട്ടക്കൂടനുസരിച്ചുള്ള പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെയും മന്ത്രിസഭ അഭിനന്ദിച്ചു. ജിദ്ദ അൽസലാം കൊട്ടാരത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച സൽമാൻ രാജാവ് ഹജ്ജ് തീർഥാടകർക്ക് അവരുടെ കർമങ്ങൾ എളുപ്പത്തിലും സമാധാനത്തിലും നിർവഹിക്കാൻ സാധിച്ചത് കൂട്ടായ പ്രയത്നവും ദൈവാനുഗ്രഹവുംകൊണ്ടാണെന്ന് പറഞ്ഞു. ഇരു ഹറമുകളെ പരിപാലിക്കാനും അവിടെയെത്തുന്ന തീർഥാടകരെ സേവിക്കാനും രാജ്യത്തെ പ്രാപ്തമാക്കിയതിന് അദ്ദേഹം ദൈവത്തിന് സ്തുതിയർപ്പിച്ചു. ഹജ്ജിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാ അധികാരികളുടെയും സേവനം സ്മരിക്കപ്പെടുമെന്ന് പറഞ്ഞ രാജാവ് ഈ സമർപ്പണത്തിന് പ്രത്യേകം നന്ദി പറഞ്ഞു.
ആഗോളതലത്തിലുള്ള വെല്ലുവിളികൾ നേരിടാനും സമാധാനവും സ്ഥിരതയും നിലനിർത്താനും വികസനവും സമൃദ്ധിയും കൈവരിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ രാഷ്ട്രത്തിന്റെ സമീപകാല പങ്കാളിത്തം മന്ത്രിസഭ അവലോകനം ചെയ്തതായി മാധ്യമമന്ത്രി സൽമാൻ ബിൻ യൂസുഫ് അൽ ദോസരിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2023-2028 കാലയളവിലേക്കുള്ള സംയുക്ത പ്രവർത്തന പദ്ധതി, വിവിധ പ്രാദേശിക, അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ ഏകോപിച്ച് നീങ്ങുന്നത് സംബന്ധിച്ച് മോസ്കോയിൽ നടന്ന ജി.സി.സി-റഷ്യൻ ഫെഡറേഷൻ സംഭാഷണം എന്നിവയും അവലോകനവിധേയമായി. എണ്ണ വിപണിയുടെ സ്ഥിരതയും സന്തുലിതാവസ്ഥയും ഉറപ്പാക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങൾക്ക് പിന്തുണ തുടരാൻ മന്ത്രിസഭ തീരുമാനിച്ചു.
എല്ലാ മേഖലകളിലും അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയയുടെ പ്രതിഫലനമാണ് 2023ലെ ലോക മത്സരക്ഷമത ഇയർബുക്ക് റിപ്പോർട്ടിൽ രാജ്യം കൈവരിച്ച മികവെന്ന് കാബിനറ്റ് വിലയിരുത്തി.
സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റിയെ (എസ്.എ.ഐ.പി) ഇൻറർനാഷനൽ സെർച്ചിങ് ആൻഡ് പ്രിലിമിനറി എക്സാമിനിങ് അതോറിറ്റിയായി അംഗീകരിക്കാനുള്ള ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ തീരുമാനത്തെയും സൗദിയിലെ മണൽ പൊടിക്കാറ്റ് മുന്നറിയിപ്പ് മേഖലാകേന്ദ്രത്തിന് ലോക കാലാവസ്ഥ സംഘടന നൽകിയ അംഗീകാരത്തെയും കാബിനറ്റ് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.