റിയാദ്: രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ റയാന അൽബർനാവി, അലി അൽഖർനി എന്നിവരെ ജിദ്ദ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അഭിനന്ദിച്ചു. മനുഷ്യരാശിക്ക് സേവനം നൽകാനുതകുന്ന ശാസ്ത്രനേട്ടങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ അഭിലാഷങ്ങളും വിഷൻ 2030ന്റെ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിനും ബഹിരാകാശ യാത്ര സഹായകമാകുമെന്ന് പ്രത്യാശിച്ച കാബിനറ്റ്, ഇരുവർക്കും ദൗത്യവിജയവും സുരക്ഷിത മടങ്ങിവരവും ആശംസിച്ചു.
അമേരിക്കയിലെ ടെക്സസിൽ നടന്ന റീജെനറോൺ ഇന്റർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെസ്റ്റിൽ (ഐ.എസ്.ഇ.എഫ് -2023) അവാർഡുകൾ നേടിയ സൗദിയിലെ പ്രതിഭാധനരായ വിദ്യാർഥികളെ കാബിനറ്റ് അനുമോദിച്ചു.
70 രാജ്യങ്ങളിൽനിന്നുള്ള 1300 ലധികം വിദ്യാർഥികൾ പങ്കെടുത്ത ഫെസ്റ്റിൽ 23 പ്രധാന അവാർഡുകളടക്കം 27 അവാർഡുകളുമാണ് സൗദി വിദ്യാർഥികൾ കരസ്ഥമാക്കിയത്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച ആഗോള സമ്പ്രദായങ്ങൾക്കനുസൃതമായി സൗദി വിദ്യാഭ്യാസ രീതിയെ ഉയർത്തിക്കൊണ്ടുവരുന്നതിനുമുള്ള തുടർച്ചയായ സർക്കാർ ശ്രമങ്ങളുടെ ഫലം കൂടിയാണ് ഈ നേട്ടമെന്ന് യോഗം വിലയിരുത്തി. സുഡാനിലെ സ്ഥിതിഗതികളെക്കുറിച്ച വിലയിരുത്തൽ ഉൾപ്പെടെ, പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു.
സുഡാനിൽ ഏറ്റുമുട്ടുന്ന കക്ഷികളെ ഹ്രസ്വകാല വെടിനിർത്തൽ കരാറിലേക്ക് എത്തിക്കുന്നതിൽ രാജ്യം വഹിച്ച പങ്ക് അനുസ്മരിച്ച മന്ത്രിസഭ വെടിനിർത്തൽ കരാറിലൂടെ കക്ഷികൾ നടത്തിയ മാനുഷിക ക്രമീകരണങ്ങളെ സ്വാഗതംചെയ്തു. ചർച്ചകൾ ശത്രുതക്കും സംഘർഷത്തിനും ശാശ്വത വിരാമമിടുമെന്നും രാഷ്ട്രീയ പ്രക്രിയ സജീവമാകുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
അറബ് ലോകം നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും നേരിടാൻ ഐക്യത്തോടെയുള്ള സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 32ാമത് അറബ് ഉച്ചകോടിയിലെ പ്രഖ്യാപനത്തെയും യോഗം അവലോകനം ചെയ്തു.
അറബ് ലോകത്തെ ഒന്നിപ്പിക്കാനുള്ള രാജ്യത്തിന്റെ നിരന്തര താൽപര്യവും മേഖലയിലെ സ്ഥിരതക്കും സമൃദ്ധിക്കും സാഹചര്യമൊരുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ആവർത്തിച്ചുറപ്പിച്ച യോഗം യുക്രെയ്ൻ പ്രസിഡന്റ് അടക്കം നിരവധി ലോകനേതാക്കളുമായി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചകളിലെ വിഷയങ്ങൾ ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.