റിയാദ്: സൗദി അറേബ്യയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സാങ്കേതിക തസ്തികകൾക്ക് നിർബന്ധമാക്കിയ നൈപുണ്യ പരീക്ഷ ഉദ്യോഗാർഥികൾ എഴുതിത്തുടങ്ങി. അങ്കമാലിയിലുള്ള കേരളത്തിലെ ഏക പരീക്ഷകേന്ദ്രത്തിലും നിരവധി പേരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷയെഴുതിയത്. അരമണിക്കൂർ തിയറിയും ഒരു മണിക്കൂർ പ്രാക്ടിക്കലും അടങ്ങുന്ന പരീക്ഷയിൽ ജയിക്കുന്നവരും തോൽക്കുന്നവരുമുണ്ട്. ഒരു തവണ പരാജയപ്പെട്ടാൽ വീണ്ടും എഴുതാൻ അവസരമുണ്ട്. എന്നാൽ, ഓരോ തവണയും 50 ഡോളർ (ഏകദേശം 4100 ഇന്ത്യൻ രൂപ) വീതം അടക്കേണ്ടിവരും. അതുകൊണ്ട് ആദ്യ തവണ തന്നെ പരീക്ഷയെഴുതി ജയിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
അങ്കമാലിയിലുള്ള ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് പരീക്ഷകേന്ദ്രം. സൗദി തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ‘തകാമുൽ’ വിഭാഗം നേരിട്ടാണ് പരീക്ഷ നടത്തുന്നത്. മുംബൈയിലെ സൗദി കോൺസുലേറ്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പരീക്ഷ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് പുറമെ സി.സി.ടി.വി നിരീക്ഷണവുമുണ്ടാകും. മുംബൈയിലെ കോൺസുലേറ്റിൽനിന്ന് നേരിട്ടാണ് കാമറ വഴി നിരീക്ഷിക്കുന്നത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ചോദ്യാവലിയുണ്ട്. നിലവിൽ മലയാളം ഇല്ല.
https://svp-international.pacc.sa എന്ന വെബ്സൈറ്റിൽ പാസ്പോർട്ട് നമ്പർ, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ഏത് പ്രഫഷനലിലേക്കുള്ള പരീക്ഷയാണെന്നും നൽകിയാൽ പരീക്ഷ തീയതിയും സമയവും ലഭിക്കും. വെബ്സൈറ്റ് നിർദേശിക്കുന്ന സമയത്ത് രേഖകളുമായി പരീക്ഷഹാളിൽ എത്തണം. പരീക്ഷക്ക് ഹാജരാകുന്ന തസ്തിക അനുസരിച്ചുള്ള തൊഴിലെടുക്കുന്നവർക്ക് പരീക്ഷ എളുപ്പമാണെന്ന് വിജയിച്ച് സർട്ടിഫിക്കറ്റ് നേടിയവരിൽ ഒരാളായ കൊല്ലം കൊച്ചുകലുങ്ക് സ്വദേശി അൻവർ ഹുസൈൻ പറയുന്നു.
എന്നാൽ, വിസ സ്റ്റാമ്പ് ചെയ്യാൻ വേണ്ടി മാത്രം പ്രഫഷനുമായി ബന്ധമില്ലാത്തവർ പരീക്ഷക്കെത്തിയാൽ കുഴങ്ങും. ഇലക്ട്രീഷ്യൻ, പ്ലംബർ, വെൽഡർ, ഓട്ടോമോട്ടിവ് ഇലക്ട്രീഷ്യൻ, എ.സി മെക്കാനിക് എന്നീ തസ്തികകളിലേക്കാണ് അങ്കമാലിയിലെ കേന്ദ്രത്തിൽ പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ വിജയിച്ചാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് ഇ-മെയിൽ വഴി ലഭിക്കും.
സർട്ടിഫിക്കറ്റിന്റെ കോപ്പി ഉൾപ്പെടെയാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ സമർപ്പിക്കേണ്ടത്. പ്രാബല്യത്തിലായ ഈ പുതിയ നിയമം പാലിച്ച് വിസ സ്റ്റാമ്പ് ചെയ്ത് തൊഴിലാളികൾ സൗദിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 71ഓളം പ്രഫഷനുകളിലേക്കാണ് നിലവിൽ യോഗ്യത പരീക്ഷ നിർബന്ധമാക്കിയിട്ടുള്ളത്. അങ്കമാലിയിൽ കൂടുതൽ പ്രഫഷനുകളിലേക്കുള്ള പരീക്ഷകൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.