ജിദ്ദ: ജാതി സെൻസസിനെതിരെ കേന്ദ്ര സർക്കാറും സംഘ്പരിവാറും നടത്തുന്ന നീക്കം ന്യൂനപക്ഷ സമുദായങ്ങളെ പിന്നോട്ട് നയിക്കാനും ജനാധിപത്യ- മതേതരത്വ ഇന്ത്യക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗവുമാണെന്ന് കോൺഗ്രസ് നേതാവും മൈനോറിറ്റി സെൽ ദേശീയ ചെയർമാനും പ്രമുഖ ഉർദു കവിയും പ്രഭാഷകനുമായ ഇമ്രാൻ പ്രതാപ് ഗർഹി എം.പി പറഞ്ഞു. ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹത്തെ സന്ദർശിച്ച ജിദ്ദ ഒ.ഐ.സി.സി നേതാക്കളുമായി നടത്തിയ ചർച്ചക്കിടെയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ജാതി സെൻസസ് ഇന്ത്യ മുന്നണിയുടെ ഭാഗമായി പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുഴുവനായും നടത്താൻ ശ്രമങ്ങൾ ഉണ്ടാവും. ദലിത്, ന്യൂനപക്ഷ, ആദിവാസി വിഭാഗങ്ങളുടെ അടക്കം പിന്നാക്കാവസ്ഥയും മറ്റു വിവരങ്ങളും ലഭ്യമാക്കാൻ ജാതി സെൻസസിലൂടെ മാത്രമേ സാധ്യമാവൂ. കർണാടക ഇലക്ഷൻ ഫലവും ഭാരത് ജോഡോ യാത്രയും ഇന്ത്യയിൽ ഉണ്ടാക്കിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇൻഡ്യ മുന്നണിക്കും ഇന്ത്യൻ നാഷനൽ കോൺഗ്രസിനും അനുകൂലമാണ്.
അത് വരാനിരിക്കുന്ന സംസ്ഥാനങ്ങളുടെ ഇലക്ഷനുകളിലും പാർലമെന്റ് ഇലക്ഷനുകളിലും കൂടുതൽ ശക്തിയോടെ പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അദ്ദേഹത്തെ ഷാളണിയിച്ചു സ്വീകരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആമീർ ഇസ്ലാം, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അലി തേക്കുതോട്, മുജീബ് മൂത്തേടം, എ.ഐ.ഒ.സി.സി സാരഥി ഖമർ സാദാ, ഫസലുള്ള വെള്ളുവമ്പാലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.