ജിദ്ദ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശമായ ജീസാനിലെ ഫിഫ മലനിരകൾക്ക് മുകളിൽ കണ്ണഞ്ചിപ്പിക്കും ഇഫ്താർ വിരുന്ന്. റമദാന്റെ ആത്മീയനിറവിൽ കുട്ടികളടക്കം ഏതാനും സൗദി പൗരന്മാരാണ് മലമുകളിൽ ഇഫ്താറിനായി ഒരുമിച്ചുകൂടി അതിമനോഹര കാഴ്ചയൊരുക്കിയത്. ജീസാനിലെ ഫോട്ടോഗ്രാഫറും ടൂർ ഗൈഡുമായ ബസ്സാം അൽഫീഫിയാണ് ഈ വേറിട്ട കാഴ്ച കാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഗിരിശൃംഗത്തിൽ ഒരുക്കിയ ഇഫ്താർ അനുപമമായ അനുഭവമാണെന്ന് ബസ്സാം അൽഫീഫി വിശേഷിപ്പിച്ചു.
അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു: എനിക്ക് ഒരുകൂട്ടം അതിഥികൾ ഉണ്ടായിരുന്നു. അവരുമായി മനോഹര നിമിഷങ്ങൾ പങ്കിടാൻ ഞാൻ ശ്രമിച്ചു. അവർ നാടൻ വേഷങ്ങൾ ധരിച്ചു. പ്രദേശത്തെ പ്രശസ്തമായ ജനപ്രിയ വിഭവങ്ങൾക്കിടയിൽ അദ്വിതീയ ഇഫ്താർ അനുഭവം സൃഷ്ടിക്കുമെന്ന് ഞാൻ അവർക്ക് വാഗ്ദാനം ചെയ്തു. റമദാന്റെ സുഗന്ധം അന്തരീക്ഷത്തിൽ വീശിക്കൊണ്ടിരിക്കുന്നതിനിടയിൽ ഫിഫ മലനിരകളുടെ മുകളിൽ അതിഥികളുമായി ഇഫ്താറിന് ഒരുമിച്ചുകൂടി. ആ അനുഭവം അങ്ങനെ പതുക്കെ തെളിഞ്ഞുവന്നു. എല്ലാവരും ആ നിമിഷങ്ങൾ ആസ്വദിച്ചു. ദൃശ്യങ്ങൾ ഞാൻ പകർത്തി. വേറിട്ട ഇഫ്താർ അനുഭവ പരീക്ഷണത്തിനിടയിൽ ഡ്രോൺ കാമറ ഫോട്ടോഗ്രഫിയിലൂടെ പകർത്തിയ ദൃശ്യങ്ങളുടെ ഭംഗിയിൽ പലരും ആശ്ചര്യം പ്രകടിപ്പിച്ചു.
അത് വേറിട്ട ടൂറിസം അനുഭവമായി -അൽഫീഫി കൂട്ടിച്ചേർത്തു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറാണ് ഫിഫ പർവതനിരകൾ സ്ഥിതിചെയ്യുന്നത്. സാഹസിക മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും ഉയരത്തിൽനിന്ന് ലോകത്തെ കാണാൻ താൽപര്യപ്പെടുന്നവർക്കും ഈ പ്രദേശം ഏറെ അനുയോജ്യമാണ്. മനോഹരമായ അന്തരീക്ഷവും ആകർഷകമായ പ്രകൃതിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുമുള്ള മാന്ത്രിക ലക്ഷ്യസ്ഥാനമാണത്. ജീസാനിൽനിന്ന് ഏകദേശം 110 കിലോമീറ്റർ അകലെയും സമുദ്രനിരപ്പിൽനിന്ന് 7000 അടി ഉയരത്തിലുമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാവസ്തു കേന്ദ്രങ്ങളും നിറഞ്ഞ, അതിമനോഹരമായ സ്വഭാവമുള്ള 18 നിത്യഹരിത പർവതങ്ങളുടെ പരമ്പരയാണിത്. കുത്തനെയുള്ളതും ദുഷ്കരമായ ഭൂപ്രകൃതിയും ദുർഘടമായ പാതകളും നിരവധി തിരിവുകളും ഇതിന്റെ സവിശേഷതയാണ്. പർവതങ്ങളുടെ ഉയരം, മേഘങ്ങളുമായുള്ള ബന്ധം, മേഘങ്ങൾക്കുള്ളിൽനിന്ന് മഴ കാണാനുള്ള അവസരം എന്നിവ കാരണം ഫിഫ പർവതങ്ങളെ ചന്ദ്രന്റെ അയൽപക്കം എന്നും വിളിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.