റിയാദ്: ഇസ്രായേലിന്റെ ക്രൂരവും അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചുള്ളതുമായ ആക്രമണത്തിന് ഇരയാകുന്ന ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ മധ്യസ്ഥർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി എന്നിവരുടെ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനും ഗസ്സയിൽ അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിനും മൂന്നുകക്ഷികളും ചേർന്നു നടത്തുന്ന തുടർശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ ഉറച്ചതും പൂർണവുമായ പിന്തുണയുണ്ടാകും. രക്തചൊരിച്ചിൽ നിർത്തുക, ജനങ്ങളുടെ ദുരിതങ്ങൾ അവസാനിപ്പിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, അധിനിവേശം അവസാനിപ്പിക്കുക, സമാധാനവും സുരക്ഷിതത്വവും കൈവരിക്കുക, ഫലസ്തീൻ ജനതയുടെ എല്ലാ നിയമാനുസൃത അവകാശങ്ങളും പുനഃസ്ഥാപിക്കുക എന്നിവയിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.