റിയാദ്: വിദേശത്ത് ജോലിക്കായോ ഉന്നത വിദ്യാഭ്യാസത്തിനായോ പോകുന്നവർക്ക് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുക എന്നത്. ഇതിനായി വളരെ കാര്യക്ഷമമായ സംവിധാനമാണ് നോർക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗനിർദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോർക റൂട്ട്സ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സെൻററുകൾ (സി.എ.സി) ആണ് നോർക റൂട്ട്സിന് കീഴിലുള്ളത്. ഉദ്യോഗാർഥികളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയും ചെയ്തുകൊടുക്കുന്നുണ്ട്. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റൈൽ അറ്റസ്റ്റേഷനുവേണ്ടിയും നോർക റൂട്ട്സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കേരളത്തിനകത്തുള്ള വിവിധ സർവകലാശാലകള്‍/ബോര്‍ഡുകള്‍/കൗണ്‍സിലുകള്‍ എന്നിവ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് അറ്റസ്റ്റേഷന് സെൻററുകൾ സാക്ഷ്യപ്പെടുത്തി നല്‍കുന്നത്.
നോർക റൂട്ട്സിന്റെ വെബ്സൈറ്റിലെ (www.norkaroots.org) certificate attestation എന്ന ലിങ്ക് തുറന്ന് രജിസ്ട്രേഷൻ നടത്തുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ഫോട്ടോയും മറ്റു വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം. പിന്നീട് അതിന്റെ പ്രിൻറൗട്ടും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി അതത് അറ്റസ്റ്റേഷന് കേന്ദ്രങ്ങളില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി വാങ്ങാവുന്നതാണ്.
ഹാജരാകേണ്ട തീയതിയും സമയവും പ്രിൻറൗട്ടില്‍ രേഖപ്പെടുത്തിയിരിക്കും. സര്‍ട്ടിഫിക്കറ്റിന്റെ ഉടമക്കുപുറമേ, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്/റേഷന്‍ കാര്‍ഡ് ഇവയിലൊന്നുമായി എത്തുന്ന താഴെ പറയുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാവുന്നതാണ്.സര്‍ട്ടിഫിക്കറ്റ് ഉടമയുടെ രക്ഷാകര്ത്താക്കള്, സര്‍ട്ടിഫിക്കറ്റ് ഉടമയുടെ സഹോദരന്മാരും സഹോദരിമാരും, സര്‍ട്ടിഫിക്കറ്റ് ഉടമയുടെ ജീവിതപങ്കാളി, ഓതറൈസേഷന്‍ ലെറ്റര്‍/ചുമതല പത്രം സഹിതം സര്‍ട്ടിഫിക്കറ്റ് ഉടമ ചുമതലപ്പെടുത്തിയ ആള് എന്നിവരാണവർ.
1. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുമുമ്പ് ഫോട്ടോ അപ്ലോഡ് ചെയ്യണം.
2. അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് (പ്രത്യേകിച്ചും ഫോട്ടോ ഉള്‍പ്പെടുന്ന പേജ്, മേല്‍വിലാസം ഉള്‍പ്പെടുന്ന പേജ്) സമർപ്പിക്കണം.
3. വെരിഫിക്കേഷന് സമയത്ത് അസ്സല് പാസ്പോര്‍ട്ട് ഹാജരാക്കണം.
4. അപേക്ഷകന് വിദേശത്താണെങ്കില് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിസ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.
5. ഏതൊരു സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നതിന് 10ാം തരം/എസ്.എസ്.എല്‍.സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കേണ്ടതാണ്.
6. സെമസ്റ്റര്‍/വാര്‍ഷിക തലങ്ങളിലെ മാര്‍ക്ക്ലിസ്റ്റുകളുടെ/കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ് അസ്സലും പകര്‍പ്പും ഹാജരാക്കണം.
പ്രവിഷനൽ സര്‍ട്ടിഫിക്കറ്റുകള്‍ അവ നല്കിയ തീയതി മുതല്‍ ആറുമാസത്തിനുള്ളില്‍ മാത്രമേ സാക്ഷ്യപ്പെടുത്തി നല്‍കുകയുള്ളൂ. അതേസമയം, (താല്‍ക്കാലിക എൻ.ടി.സി സര്‍ട്ടിഫിക്കറ്റുകള്‍ അവ നല്കിയ തീയതി മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നതാണ്). എസ്.എസ്.എല്‍.സി മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള അപേക്ഷകര്‍ സ്ഥാപന/സ്കൂള്‍ മേധാവിയില്‍നിന്ന് നിശ്ചിത ഫോറത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. മെഡിക്കല്‍/നഴ്സിങ്/ഡെൻറല്‍/ഫാര്‍മസി പാരാമെഡിക്കല്‍ യോഗ്യതയുള്ള അപേക്ഷകര്‍ തങ്ങളുടെ ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
1. കേരളത്തിലെ വിവിധ സർവകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകൾ
2. സംസ്ഥാന സാങ്കേതിക പരീക്ഷ ബോര്‍ഡിനുവേണ്ടി ടെക്നിക്കല്‍ എക്സാമിനേഷന്‍സ് ജോയൻറ് കണ്ട്രോളര് നല്കുന്ന സര്‍ട്ടിഫിക്കറ്റുകൾ
3. കേരള പൊതുപരീക്ഷ ബോര്‍ഡ് സെക്രട്ടറി നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍. അതായത് എസ്.എസ്.എല്‍.സി, ടൈപ് റൈറ്റിങ് (ലോവര്‍/ഹയര്‍) സര്‍ട്ടിഫിക്കറ്റുകള്‍, ഷോര്‍ട്ട് ഹാന്‍ഡ് (ലോവര്‍/ഹയര്‍) സര്‍ട്ടിഫിക്കറ്റുകള്‍, ടി.ടി.സി സര്‍ട്ടിഫിക്കറ്റുകള്‍, അതുപോലെയുള്ള മറ്റു സര്‍ട്ടിഫിക്കറ്റുകള്‍
4. മെഡിക്കല്‍ പരീക്ഷ ഡയറക്ടറേറ്റിനുവേണ്ടി പരീക്ഷ ബോർഡ് ചെയര്മാന് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (ഉദാ: ഡി.ഫാം, ഡി.എം.എല്‍.ടി, ഡി.എം.ആര്.ടി മുതലായവ)
5. ദേശീയ പരീക്ഷ ബോര്‍ഡ് (National Board of Examinations) നല്കുന്ന ഡി.എൻ.ബി സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്കണമെങ്കില് കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ കോഴ്സ് പൂര്‍ത്തിയാക്കുകയും ഇതൊരു അധികയോഗ്യതയായി അവരുടെ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിരിക്കുകയും വേണം.
6. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (NIOS) നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്കണമെങ്കില് അപേക്ഷകര്‍ കേരളത്തിലെ ഏതെങ്കിലും എൻ.ഐ.ഒ.എസ് മേഖല കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും കേരളത്തിലെ ഏതെങ്കിലും പരീക്ഷ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയിട്ടുള്ളവരും ആയിരിക്കണം.
7. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍. അതായത് ജി.എന്‍.എം, എ.എന്‍.എം സര്‍ട്ടിഫിക്കറ്റുകള്‍.
8. എന്‍.സി.വി.ടി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റുകള്‍
9. കേരള സംസ്ഥാന സാക്ഷരത മിഷന് 10ാം തരത്തിനുവേണ്ടി നല്‍കിയിട്ടുള്ള തുല്യത സര്‍ട്ടിഫിക്കറ്റ്
10. എച്ച്.ഡി.സി/ജെ.ഡി.സി സര്‍ട്ടിഫിക്കറ്റുകള്‍
11. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട സ്കൂള്‍ കേരള സര്‍ക്കാറിന്റെ അധികാര പരിധിയിലായിരിക്കണം)
1. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അധികയോഗ്യതയായി ഉള്‍പ്പെടുത്തിയിട്ടില്ലാത്ത MS, MD, M.ch, MD,(DGO, DLO, DA) മുതലായ മെഡിക്കല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍
2. എം.ഫിൽ, പിഎച്ച്.ഡി സർട്ടിഫിക്കറ്റ്
3. എൻ.ഐ.ടി, ഇഗ്നോ, ഐസർ മുതലായ സ്ഥാപനങ്ങള്നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (കേരളത്തിലെ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്)
താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റേഷന് സെൻററുകളില്‍ സാക്ഷ്യപ്പെടുത്തുന്നതല്ല:
1. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകൾ, വിവിധ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്ലിസ്റ്റുകള്‍ (വിവിധ വിദേശ സർവകലാശാലകളില്‍/സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികളുടേത് ഒഴികെയുള്ളവ), റാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍, നെറ്റ്/നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, ഇന്റേണ്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍, തുല്യത/മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപ്രന്റിസ് സര്‍ട്ടിഫിക്കറ്റുകള്‍, ട്രെയിനിങ് സര്‍ട്ടിഫിക്കറ്റുകള്‍.
വിവിധ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സർവിസ് ചാർജ്/ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
ഹേഗ് കണ്‍വെന്‍ഷനില്‍ അംഗത്വമുള്ള 106ല്‍പരം രാജ്യങ്ങളിലേക്ക് ജനനം, മരണം, വിവാഹം തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കും സത്യവാങ്മൂലം, മുക്ത്യാര്‍ തുടങ്ങിയ രേഖകള്‍ക്കും ഡിഗ്രി, ഡിപ്ലോമ, മെട്രിക്കുലേഷന്‍, സെക്കന്‍ഡറി സർട്ടിഫിക്കറ്റ് തുടങ്ങിയ വിദ്യാഭ്യാസ രേഖകൾക്കും അപ്പോസ്റ്റൈൽ അറ്റസ്റ്റേഷൻ സൗകര്യം ലഭ്യമാണ്. എന്നാൽ, വാണിജ്യപരമായ രേഖകൾ അപ്പോസ്റ്റൈൽ അറ്റസ്റ്റേഷൻ ചെയ്യുന്നതല്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.