മഴ പെയ്തതതിനെ തുടർന്ന് മധ്യപ്രവിശ്യയിലെ സുൽഫി മേഖലയിൽ വെള്ളം നിറഞ്ഞപ്പോൾ
യാംബു: സൗദി അറേബ്യയിൽ ഒരു അനുഗ്രഹം പോലെ അറുതിയില്ലാതെ തണുപ്പുകാലം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏറിയും കുറഞ്ഞും മഴയും മഞ്ഞും തുടരുകയാണ്. അതുകൊണ്ട് തന്നെ വളരെ സുഖകരമായ കാലാവസ്ഥയാണ് രാജ്യത്തുടനീളം അനുഭവപ്പെടുന്നത്. റമദാൻ വ്രതം അനുഷ്ഠിക്കുന്നവർക്ക് ഏറ്റവും മികച്ച അന്തരീക്ഷമാണ് ലഭിച്ചിരുക്കുന്നത്. ഈ ദിവസങ്ങളിലുണ്ടായ മഴയും മൂടൽ മഞ്ഞും വരുംദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൗദി മധ്യപ്രവിശ്യയിലെ റിയാദ്, ദറഇയ, ദുർമ, മുസാഹ്മിയ, അഫീഫ്, ദാവാദ്മി, അൽഖുവയ്യ, ശഖ്റ, അൽ ഗാത്, അൽ സുൽഫി, മജ്മഅ, താദിഖ്, റുമാഅ്, അൽ റൈൻ, ഹുറൈംല, അൽ ഖർജ്, അൽ ദിലം, അൽ ബാരി, ഹുത്ത ബനീ തമാം, മറാത്, അഫ്ലാജ് എന്നിവിടങ്ങളിൽ നേരിയതും മിതമായതുമായ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
മക്ക, ജിദ്ദ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തിമേഖല, അൽ ജൗഫ്, തബൂക്ക്, അൽ ബാഹ, അസിർ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. ഉയർന്ന പ്രദേശങ്ങളിലാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ കൂടുതലും സാധ്യത. ചെങ്കടലിൽ കാറ്റിന്റെ ചലനം മണിക്കൂറിൽ 16 മുതൽ 36 കിലോമീറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറ് നിന്ന് വടക്കോട്ടുള്ള ദിശയിലായിരിക്കുമെന്നും തിരമാലയുടെ ഉയരം അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ആയിരിക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
ഈ ദിവസങ്ങളിൽ റിയാദ്, മക്ക എന്നിവ ഉൾപ്പെടെ 10 മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയാണ് പെയ്തത്. ആലിപ്പഴ വർഷവും ശക്തമായ കാറ്റുമുണ്ടായി. ഇപ്പോഴും പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.