ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ വ്യാഴം വരെ ഇടത്തരം മുതൽ കനത്ത രീതിയിൽ വരെയുള്ള മഴയും ഇടിമിന്നലും കാറ്റും ആലിപ്പഴവർഷവും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. റിയാദ്, ജിദ്ദ, മക്ക, മദീന, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മഴ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. മക്ക മേഖലയിൽ മക്ക, ജിദ്ദ, റാബിഗ്, ത്വാഇഫ്, അൽജമൂം, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, ഖുൻഫുദ, അൽ അർദിയാത്ത്, അദം മെയ്സാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ രാവിലെ പത്ത് മണി വരെ മഴ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.
റിയാദ് മേഖലയിൽ മജ്മഅ, സുൽഫി, അൽഗാത്, ശഖ്റ, റമ പ്രദേശങ്ങൾ, മദീനയിൽ അൽമഹ്ദ്, വാദി ഫറഹ്, അൽഹനാകിയ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അൽബാഹ, ജീസാൻ, അസീർ പ്രവിശ്യകളിൽ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഈ മേഖലയിലെ കുന്നിൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് ഉണ്ടാവാൻ സാധ്യതയുണ്ട്.
റിയാദ്, ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തികൾ എന്നിവയുടെ ഭാഗങ്ങളിലും തണുപ്പും മൂടൽ മഞ്ഞും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി. ചെങ്കടലിലൂടെ വീശുന്ന ഉപരിതല കാറ്റിന്റെ ചലനം വടക്കുകിഴക്ക് ഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും 20 മുതൽ 40 വരെ കിലോമീറ്റർ വേഗതയിലായിരിക്കും. മണിക്കൂറിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗതയിലും പല പ്രദേശങ്ങളിലും കാറ്റ് അടിച്ചുവീശും.
ഉപരിതലത്തിൽ അറേബ്യൻ ഗൾഫിലെ കാറ്റിന്റെ ചലനം വടക്കുപടിഞ്ഞാറു ഭാഗത്ത് മണിക്കൂറിൽ 20 മുതൽ 40 വരെ കിലോമീറ്റർ വേഗതയിലും തിരമാലകളുടെ ഉയരം ഒന്ന് മുതൽ ഒന്നര വരെ മീറ്റർ ആയിരിക്കുമെന്ന സൂചനയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലും കാറ്റും മഴയും ആലിപ്പഴവർഷവും മഞ്ഞുവീഴ്ചയും തുടരും. മക്ക മേഖലയിൽ ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് നാളെ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യസ മന്ത്രാലയം അറിയിച്ചു. ഇത്തരം സ്കൂളുകളിലെ കുട്ടികൾ തിങ്കളാഴ്ച 'മദ്രസത്തി' പ്ലാറ്റ്ഫോം വഴിയാകും ക്ലാസ്സുകളിൽ ഹാജരാകേണ്ടതെന്ന് അധികൃതർ അറിയിച്ചു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് നാളെ അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
നാളെ കെ.ജി മുതൽ മുഴുവൻ ക്ളാസുകളും അതാത് വിഭാഗം ഹെഡ് മാസ്റ്റർമാർ അറിയിച്ച പ്രകാരമുള്ള ടൈംടേബിൾ അനുസരിച്ച് ഓൺലൈൻ വഴിയായിരിക്കും. മഴയോ മഴ കൊണ്ടുള്ള മറ്റു തടസങ്ങളോ ഉണ്ടായില്ലെങ്കിൽ സ്‌കൂളിലെ ഫീ കൗണ്ടറുകൾ പതിവ് പോലെ നാളെ പ്രവർത്തിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.