റിയാദ്: സൗദി അറേബ്യയുടെ ജീവകാരുണ്യ ദേശീയ ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെന്ററിന് (കെ.എസ്. റിലീഫ്) ‘ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ അച്ചീവ്മെൻറ്’ അവാർഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.എസ്.റിലീഫ് നടത്തുന്ന ദുരിതാശ്വാസ, മാനുഷിക പ്രവർത്തനങ്ങൾ പരിഗണിച്ച് അമേരിക്കൻ-അറബ് റിലേഷൻസ് നാഷനൽ കൗൺസിലാണ് അവാർഡ് നൽകിയത്.
വാഷിങ്ടൺ ഡി.സിയിൽ നടന്ന ചടങ്ങിൽ നാഷനൽ കൗൺസിൽ ഓൺ അമേരിക്കൻ-അറബ് റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡെലാനോ റൂസ്വെൽറ്റിൽനിന്ന് കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ അവാർഡ് ഏറ്റുവാങ്ങി. കിങ് സൽമാൻ റിലീഫ് സെന്റർ മുഖേന ദുരിതാശ്വാസ പ്രവർത്തന മേഖലകളിൽ സൗദി വഹിച്ച മഹത്തായ പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അൽറബീഅ പറഞ്ഞു.
മാനുഷിക മേഖലയിൽ സൗദിയുടെ വിശിഷ്ടമായ അന്തർദേശീയ പദവിയെ ഇത് പ്രതിഫലിപ്പിക്കുന്നു. ആവശ്യമുള്ളവർക്ക് ആശ്വാസം നൽകാനും ദുരിതബാധിതരെ സഹായിക്കാനും ദരിദ്രരെയും അഭയാർഥികളെയും അവർ ലോകത്ത് എവിടെയായാലും സംരക്ഷണം സൗദി സ്വയം ഏറ്റെടുത്തതായി അൽറബീഅ സൂചിപ്പിച്ചു.
ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളിൽ രാജ്യം മുൻനിരയിലാണ്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ഏറ്റവും ആദ്യം സംഭാവന നൽകുന്ന രാജ്യങ്ങളുടെ മുൻനിരയിൽ തുടരുമെന്നും അൽറബീഅ പറഞ്ഞു.
സൽമാൻ രാജാവിന്റെ നിർദേശപ്രകാരം വിദേശ രാജ്യങ്ങളിൽ സൗദിയുടെ മാനുഷിക പ്രവർത്തന വിഭാഗമായി 2015ലാണ് കിങ് സൽമാൻ റിലീഫ് സെന്റർ സ്ഥാപിതമായത്.
അത് മുതൽ ലോകമെമ്പാടുമുള്ള 104 രാജ്യങ്ങളിലായി 3,100-ലധികം ദുരിതാശ്വാസ, മാനുഷിക പദ്ധതികളും പരിപാടികളും കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ മൂല്യം 700 കോടി ഡോളറിലധികം വരും. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, ജലം, പരിസ്ഥിതി ശുചിത്വം, മാനുഷിക പ്രവർത്തനങ്ങളുടെ പിന്തുണയും ഏകോപനവും, മറ്റ് സുപ്രധാന മേഖലകൾ എന്നിവയാണ് കെ.എസ്. റിലീഫിന്റെ പ്രവർത്തന മേഖല.
ഈ ആവശ്യങ്ങൾക്കായാണ് ഇതുവരെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 700 കോടി ഡോളർ ചെലവഴിച്ചത്. അതിനിയും തുടരും. ഈ മേഖലയിൽ ഉയർന്ന അന്തർദേശീയ നിലവാരം പ്രയോഗിച്ചുകൊണ്ട് ദുരിതാശ്വാസ, മാനുഷിക പ്രവർത്തനങ്ങളിൽ മുൻനിരക്കാരനാകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഡോ. അൽറബീഅ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.