റിയാദ്: കുട്ടികൾക്കുള്ള പേപ്പർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് ആരോഗ്യ മന്ത്രാലയം നിർത്തിവെച്ചു. ഇനിമുതൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായിരിക്കും നൽകുക. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ വാക്സിനേഷൻ ഡോക്യുമെന്റേഷൻ ക്ലിനിക്കിൽ അപേക്ഷയിലൂടെയോ അല്ലെങ്കിൽ ‘സിഹ്വതി’ ആപ്ലിക്കേഷൻ വഴി സ്വയം രജിസ്റ്റർ ചെയ്തോ സർട്ടിഫിക്കറ്റ് നേടാം.
നിലവിൽ കുട്ടികളുടെ പേപ്പർ വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർ അതിന്റെ ഇലക്ട്രോണിക് ഡോക്യുമെന്റേഷൻ വേഗത്തിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വാക്സിനേഷൻ പൂർത്തീകരിക്കുന്നത് സ്കൂൾ ഫിറ്റ്നസ് പരീക്ഷയുടെ പൂർത്തീകരണവുമായി ബന്ധിപ്പിച്ചതിനാൽ അത് നഷ്ടപ്പെടാതിരിക്കാനാണിതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ദിവസവും രാവിലെയും വൈകീട്ടും വാക്സിനേഷൻ ക്ലിനിക്കുകളിൽ കുട്ടികളുടെ വാക്സിനേഷൻ രേഖപ്പെടുത്താൻ ആരോഗ്യകേന്ദ്രങ്ങൾ ഇപ്പോഴും പൗരന്മാരെ സ്വീകരിക്കുന്നുണ്ട്. നാല് ലക്ഷത്തിലധികം കുട്ടികൾ അവരുടെ കുത്തിവെപ്പുകൾ ഡിജിറ്റൽ രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ആരോഗ്യ പരിവർത്തനത്തിനുള്ളിൽ പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ഹെൽത്ത് പരിവർത്തനത്തിനുള്ളിൽ പൗരന്മാർക്ക് നൽകുന്ന ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്താനും വാക്സിനേഷൻ ഡോക്യുമെന്റേഷൻ ക്ലിനിക്കിൽ ബുക്ക് ചെയ്യുന്നതിലൂടെയോ സിഹ്വതി ആപ്ലിക്കേഷൻ വഴി സ്വയം രജിസ്റ്റർ ചെയ്തോ എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാനും റഫർ ചെയ്യുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
ആരോഗ്യ മന്ത്രാലയം ആരംഭിച്ച ‘മൈ ഹെൽത്ത്’ ആപ്ലിക്കേഷൻ രാജ്യത്തിലെ വ്യക്തികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകാനും ആരോഗ്യവിവരങ്ങൾ എടുക്കാനും ആരോഗ്യമേഖലയിലെ വിവിധ സ്ഥാപനങ്ങൾ നൽകുന്ന നിരവധി ആരോഗ്യസേവനങ്ങൾ നേടാനും അനുവദിക്കുന്നുവെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.