അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: പുണ്യനഗരമായ മദീനയിൽ സിറ്റി ബസ് പദ്ധതിക്കായുള്ള കരാർ ഒപ്പിട്ടു. മദീന ഗവർണറും പ്രവിശ്യ വികസന അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിെൻറയും പൊതുഗതാഗത അതോറിറ്റി പ്രസിഡൻറ് ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹിെൻറയും സാന്നിധ്യത്തിലാണ് സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുമായി (സാപ്റ്റ്കോ) മദീനയിലെ എല്ലാ സുപ്രധാന സ്ഥലങ്ങളും ഉൾക്കൊള്ളുന്ന അഞ്ചു വർഷത്തേക്കുള്ള സിറ്റി ബസ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.
മേഖല വികസന അതോറിറ്റി സി.ഇ.ഒ എൻജി. ഫഹദ് ബിൻ മുഹമ്മദ് അൽബലീഹുഷ്, സാപ്റ്റ്കോ സി.ഇ.ഒ എൻജി. ഖാലിദ് അൽഹുഖൈൽ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
മുൻ വർഷങ്ങളിൽ മദീനയിലെ പൊതുഗതാഗത സേവന സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ പ്രവിശ്യാ വികസന അതോറിറ്റി കൈവരിച്ച തുടർച്ചയായ നേട്ടങ്ങളെ മദീന ഗവർണർ ചടങ്ങിൽ പ്രശംസിച്ചു. ഒട്ടുമിക്ക പ്രദേശങ്ങളും പ്രധാന റോഡുകളും ഉൾക്കൊള്ളുന്ന ബസ് സർവിസ് ഒരുക്കേണ്ടതിെൻറ പ്രാധാന്യം ഗവർണർ എടുത്തുപറഞ്ഞു. മസ്ജിദുന്നബവിയുമായി ബന്ധിപ്പിച്ച് മദീനയുടെ മുഴുവൻ ഭാഗങ്ങളെയും ബസ് സർവിസിലൂടെ ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൊതുഗതാഗത സേവനങ്ങളുടെ ഗുണഭോക്താക്കളുടെ സർക്കിൾ വിപുലീകരിക്കും. പ്രധാന തെരുവുകളിലും സെൻട്രൽ ഏരിയയിലും ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കും.
2030െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി സേവനം വിപുലീകരിക്കുന്നതിനും ഗതാഗത പദ്ധതികളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വാഹനപുകയുടെ ഫലമായുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിെൻറ തോത് കുറക്കുന്നതിനും പ്രവർത്തിക്കുമെന്ന് ഗവർണർ പറഞ്ഞു.
മദീനയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിന് ഉയർന്ന ഗുണനിലവാരവും സുരക്ഷയും അനുസരിച്ച് സേവനം നൽകാനുള്ള സാപ്റ്റ്കോ സജ്ജമാണെന്ന് സി.ഇ.ഒ എൻജി. ഖാലിദ് അൽഹുഖൈൽ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ദേശീയ റോഡ് ഗതാഗത സംവിധാനമാണ് സാപ്റ്റ്കോ. 44 വർഷത്തിലേറെയുള്ള അനുഭവത്തെ അടിസ്ഥാനമാക്കി കമ്പനിക്ക് കീഴിലെ ബസുകൾ സർവിസ് നടത്തുമെന്നും സി.ഇ.ഒ പറഞ്ഞു.
തീർഥാടകരുടെയും മദീനയിലെ ജനങ്ങളുടെയും സഞ്ചാരം സുഗമമാക്കുന്നതിന് പദ്ധതി ഫലപ്രദമായി സഹായിക്കുമെന്ന് തീർഥാടകർക്കായുള്ള ആതിഥേയ പ്രോഗ്രാം സി.ഇ.ഒ എൻജി. അബ്ദുറഹ്മാൻ ബിൻ ഫാറൂഖ് അദ്ദാസ് പറഞ്ഞു. മദീനയിലെ നാല് ദിക്കുകളെയും പ്രവാചക പള്ളിയിലൂടെ ബന്ധിപ്പിക്കുന്ന 106 പ്രധാന സ്റ്റോപ്പുകൾ ഉൾപ്പെടുന്ന, നാല് പ്രധാന ട്രാക്കുകളാണ് സിറ്റി ബസ് പദ്ധതിയിലുള്ളത്. മൊത്തം 27 ബസുകൾ സർവിസ് നടത്തും. റമദാനിൽ ബസുകളുടെ എണ്ണം 40 ആയി വർധിപ്പിക്കും.
കൂടാതെ ഇലക്ട്രോണിക് പേമെൻറ് സംവിധാനങ്ങളും സെൽഫ് സെയിൽ ഉപകരണങ്ങളുമുണ്ടാകും. ആകർഷകമായ നിരക്കിലാകും സിറ്റി ബസ് സർവിസെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുന്നബവിയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ 10 വർഷം മുമ്പ് ആരംഭിച്ച ഫ്രീക്വൻസി ഗതാഗത സേവന സംവിധാനത്തിെൻറ വിപുലീകരണമാണ് മദീന ബസ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.