സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച പെ​യ്ത മ​ഴ

സൗദിയിൽ കാലാവസ്ഥ മാറ്റം; പല ഭാഗങ്ങളിലും മഴയും പൊടിക്കാറ്റും

യാംബു: രാജ്യത്ത് കാലാവസ്ഥ മാറ്റം പ്രകടമാകുന്നു. ചൂടിൽനിന്ന് പതിയെ തണുപ്പിലേക്ക് മാറുന്ന ലക്ഷണങ്ങളാണ് കാണുന്നത്. വിവിധ ഭാഗങ്ങളിൽ നേരിയതും മിതവുമായ മഴക്കാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. കാലാവസ്ഥ മാറ്റമറിയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ പേമാരിയുടെ വരവ് തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടായി. ഗൾഫിലാകെ കാലാവസ്ഥ മാറ്റത്തിന്റെ വരവറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയും പലഭാഗത്തും മഴ പെയ്തിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.രാജ്യത്തെ വടക്കൻ മേഖലയിൽ പകൽസമയത്ത് മിതമായ കാലാവസ്ഥക്ക് സാക്ഷ്യംവഹിക്കുമെന്നും ഉയർന്ന പ്രദേശങ്ങൾ പുലർച്ച തണുത്ത കാറ്റ് വീശുമെന്നും മധ്യഭാഗത്തിന്റെ പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥ വിദഗ്ധൻ അബ്ദുൽ അസീസ് അൽ-ഹുസൈനി നേരത്തേ സൂചന നൽകിയിരുന്നു. മക്കയിലെ ത്വാഇഫ് ഗവർണറേറ്റ് പരിധിയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു.

തുറൈഫിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള അൽ-താരിഫാവിയിൽ വലിയ തോതിൽ മഴ പെയ്തു. അൽ-ജൗഫ് മേഖലയിലെ അൽ-ദാറയിൽ രാവിലെതന്നെ മഴ തുടങ്ങിയിരുന്നു. അസ്ഥിരമായ അന്തരീക്ഷത്തിനും സജീവമായ പൊടിക്കാറ്റിനും ഇടയിൽ അൽ-ജൗഫ് പ്രവിശ്യയിൽ കനത്ത മഴ പെയ്തു. അൽ-അദാരിയിലെ പ്രദേശങ്ങളിൽ പുലർച്ച വലിയ അളവിൽ മഴ പെയ്തതായി റിപ്പോർട്ട് ചെയ്തു. മക്ക, മദീന പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ നേരിയ തോതിലും ചിലയിടങ്ങളിൽ ഭേദപ്പെട്ടും മഴപെയ്തു.

തബൂക്ക്, അൽ-ജൗഫ് മേഖലകളിലെ തിരശ്ചീന ദൃശ്യം പരിമിതപ്പെടുത്തുന്ന കാറ്റിനൊപ്പം ഇടിമിന്നൽകൂടി പ്രകടമായതായി റിപ്പോർട്ടുണ്ട്. വടക്കൻ അതിർത്തികളും ഹാഇൽ, മദീന, മക്ക, അൽ-ബഹ, അസീർ, ജീസാൻ പ്രദേശങ്ങളുടെ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം തുടർച്ചയായ മഴ പെയ്തു. ഇവിടത്തെ കുന്നിൻ പ്രദേശങ്ങളിലാണ് കൂടുതൽ ശക്തമായ മഴ പെയ്തതെന്ന് അറിയുന്നു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങൾ കനത്ത ഇടിമിന്നലിനും പേമാരിക്കും സാക്ഷ്യംവഹിച്ചു.

മഴയുള്ള കാലാവസ്ഥയുടെ തുടർച്ച വരുംദിനങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. ദൃശ്യത പരിമിതപ്പെടുത്തുന്ന രീതിയിൽ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റും സജീവമായിട്ടുണ്ട്. സൗദിയിൽ ശൈത്യകാലത്തിലേക്കുള്ള കാലാവസ്ഥ മാറ്റത്തിന്റെ സൂചന പ്രകടമായതിൽ സന്തോഷിക്കുന്നവരാണ് സ്വദേശി കർഷകർ.

Tags:    
News Summary - Climate change in Saudi; Rain and dust storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.