ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി താമസിക്കുന്ന വിദേശികളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലെ റസിഡന്റ് തിരിച്ചറിയൽ രേഖ വേണമെന്ന് നിർബന്ധമില്ല. കുടുംബാംഗങ്ങൾ അതാത് ഗൾഫ് രാജ്യത്ത് സന്ദർശന വിസയിലാണെങ്കിൽ പോലും അവർക്ക് സൗദി ടൂറിസ്റ്റ് വിസ ലഭിക്കും.
എന്നാൽ ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂടെ മാത്രമേ അവർക്ക് സൗദിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ആദ്യം ഗൾഫ് റസിഡന്റ് വിസയുള്ള പ്രവാസിയാണ് ഓൺലൈനിൽ സൗദി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ശേഷം അടുത്ത കുടുംബാംഗങ്ങൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കണം.
ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി കഴിയുന്ന എല്ലാവർക്കും അവരുടെ പ്രൊഫഷൻ മാനദണ്ഡമാക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ഇവന്റുകൾ, വിനോദ പരിപാടികളിൽ പങ്കെടുക്കൽ തുടങ്ങിയവയെല്ലാം ഇത്തരം വിസയിൽ വരുന്നവർക്ക് അനുവദനീയമാണ്. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതിയില്ല. https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ പാസ്‌പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.