യാംബു: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമാവുന്ന കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴയും പൊടി ഇളക്കിവിടുന്ന കാറ്റും കനത്ത ഇടിമിന്നലും പ്രകടമാവുമെന്നും കേന്ദ്രം പ്രവചിച്ചു. നജ്റാൻ, ജീസാൻ, അസീർ, അൽ ബഹ, മദീന, മക്ക എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥാമാറ്റം പ്രതീക്ഷിക്കാം.രാജ്യത്തിന്റെ തെക്കൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. റിയാദ്, മദീന, അൽ ഖസിം, ഹായിൽ, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് ലഭിക്കുക.
ഹഫർ അൽ ബാതിൻ, അൽ ഖസിം, ഹാഇൽ എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഇടിമിന്നലോടുകൂടിയ മഴ പെയ്തതായി റിപ്പോർട്ടുണ്ട്. പലയിടത്തും നല്ല കാറ്റും അടിച്ചുവീശിയിരുന്നു. അടുത്ത ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ കാലാവസ്ഥാമാറ്റം പ്രതീക്ഷിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അസീർ മേഖലയിൽ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ദിവസം സാമാന്യം നല്ല മഴയും ആലിപ്പഴ വീഴ്ചയും പ്രകടമായിരുന്നു. അസീർ, മഹായിൽ, അൽ ഖുൻഫുദ, അൽ ഉർദിയാ ത്ത് തുടങ്ങിയ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച നേരിട്ടുള്ള പഠനം നിർത്തിവെച്ചിരുന്നു. വിദ്യാർഥികൾക്ക് 'മൈ സ്കൂൾ' പ്ലാറ്റ് ഫോറം വഴിയുള്ള ഓൺ ലൈൻ പഠനമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.