ജുബൈൽ: നവോദയ സാംസ്കാരിക വേദിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, സി.പി.എം നേതാവുമായിരുന്ന പ്രേംരാജിന്റെ വിയോഗത്തിൽ ജുബൈലിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജുബൈൽ വെൽഫെയർ അസോസിയേഷൻ (ജുവ) അനുശോചന യോഗം സംഘടിപ്പിച്ചു. ബദ്ർ ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ മേഖലയിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നേതാവിനെയാണ് പൊതു സമൂഹത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും നഷ്ടമായതെന്ന് യോഗം വിലയിരുത്തി. പ്രവാസി സഹോദരങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന കരുതലും സ്നേഹവും യോഗത്തിൽ സംസാരിച്ചവർ പങ്കുവെച്ചു. ജുബൈലിൽ നവോദയയെ ശക്തിപ്പെടുത്താൻ കഠിനമായി പ്രയത്നിച്ച നേതാവായിരുന്നു പ്രേംരാജ്. ജുവയുടെ പ്രഥമ വൈസ് ചെയർമാനും കൂടിയായിരുന്നു അദ്ദേഹം.
കുറച്ചുകാലമായി അർബുദബാധിതനായിരുന്നു. രോഗം മൂർഛിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. 32 വർഷത്തെ പ്രവാസത്തിന് ശേഷം നാലു വർഷം മുമ്പാണ് പ്രേം രാജും കുടുംബവും നാട്ടിലേക്കു മടങ്ങിയത്. ഭാര്യ സീന, മക്കൾ പ്രസിൻ, പ്രിംന. മകൻ പ്രസിൻ സൗദിയിലുണ്ട്.
നൂഹ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജുവ പ്രസിഡന്റ് അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. ഉമേഷ് കളരിക്കൽ, സൈഫുദ്ദീൻ പൊറ്റശ്ശേരി, ഉസ്മാൻ ഒട്ടുമ്മൽ, നിസാം യാക്കൂബ് അലി, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ, മനോജ്, ഉണ്ണി, കരീം മൗലവി, ശിഹാബ് മങ്ങാടൻ എന്നിവർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.