സൗദിയിൽ വാണിജ്യ സ്ഥാപന രജിസ്​ട്രേഷൻ ഇനി വേഗത്തിൽ റദ്ദാക്കാം

ജിദ്ദ: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ കമേഴ്സ്യൽ രജിസ്‌ട്രേഷന്‍ (സി.ആർ) റദ്ദാക്കാനുള്ള നടപടികള്‍ എളുപ്പമാക്കിയതായി വാണിജ്യ മന്ത്രാലയം. രജിസ്ട്രേഷനുകള്‍ ഉടമകള്‍ക്ക് ഓണ്‍ലൈനായിതന്നെ റദ്ദാക്കാനുള്ള സൗകര്യമാണ് മന്ത്രാലയം പുതുതായി നടപ്പാക്കിയിരിക്കുന്നത്.

ഈ സംവിധാനം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലായി. ബിനാമി വിരുദ്ധ പദ്ധതികളുടെ സാഹചര്യത്തിലാണ് പുതിയ നീക്കം. വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെ ബ്രാഞ്ചുകളുടെയും സി.ആർ അഥവാ കമേഴ്സ്യൽ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ നേരത്തെ കടമ്പകൾ ഏറെയുണ്ടായിരുന്നു. വാറ്റ് അടക്കമുള്ള നികുതികളെല്ലാം അടച്ചുതീര്‍ക്കുക, കാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്‍റെ മറ്റു ലൈസന്‍സുകൾ റദ്ദാക്കുക, സ്ഥാപനത്തിലുള്ള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റി നല്‍കുക എന്നിവ പൂർത്തിയാക്കിയ ശേഷമേ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇതിനായി നിരവധി തവണ സർക്കാർ ഓഫിസുകൾ സന്ദർശിക്കുകയും വേണമായിരുന്നു.

പുതിയ ചട്ട പ്രകാരം ഇതിനായി ഓൺലൈനിൽതന്നെ അപേക്ഷ നൽകാം. രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്ത ശേഷം ഉടമകള്‍ക്ക് കടകള്‍ അടച്ചൂപൂട്ടാവുന്നതാണ്. ബാക്കി ചട്ടങ്ങൾ പിന്നീട് പൂർത്തിയാക്കിയാൽ മതി.

Tags:    
News Summary - commercial registration can now be canceled quickly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.