അനുശോചനവുമായി തനിമ
ദമ്മാം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചിച്ചു. താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അനുശോചന സന്ദേശത്തിൽ തനിമ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷനേതാവായിരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളോട് ഇടപഴകുകയും ജനമധ്യത്തിൽനിന്ന് പ്രവർത്തിക്കുകയും ചെയ്ത ജനകീയനായ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി മറ്റു മുഖ്യമന്ത്രിമാരിൽനിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിലും നേരിട്ട് ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും കേരളീയ പൊതുസമൂഹത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.
റിയാദ്: ഉമ്മൻ ചാണ്ടിയുടെ ആകസ്മിക നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതുവെയും കേരള ജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമസൃണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. 24 മണിക്കൂറും ജനസേവനത്തിനായി നീക്കിവെച്ച ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോടുപോലും കാലുഷ്യമില്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസനത്തിന് ആക്കംകൂട്ടി. കേരള സമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളിയാകും എന്നുറപ്പ്.
റിയാദ്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് രാഷ്ട്രീയ രംഗത്തും ഭരണതലത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേളി സെക്രട്ടേറിയറ്റും കുടുംബവേദി സെക്രട്ടേറിയറ്റും സംയുക്തമായി ഇറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: കേരളം കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഭരണാധികാരിയും പാവങ്ങളുടെ അത്താണിയും വിശിഷ്യ നഴ്സിങ് സമൂഹത്തിന് എക്കാലവും ഒരു കരുതലും കൈത്താങ്ങുമായിരുന്ന ജനനായകനെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ മലയാളക്കരക്ക് ഒന്നാകെ നഷ്ടമായതെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) അനുശോചിച്ചു. കേരളത്തിന്റെ എല്ലാ മേഖലകളിലെയും വികസനത്തിൽ അദ്ദേഹത്തിന്റേതായ വലിയ ഒരു പങ്ക് ഉണ്ടായിരുന്നു. പൊതുഭരണം താഴെത്തട്ടിലേക്ക് എത്തിച്ച് ജനങ്ങൾക്ക് അനവധി ആനുകൂല്യങ്ങൾ ഫയലിൽ കുരുങ്ങാതെ യഥാസമയങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ ഭരണകാലത്ത് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങൾ എപ്പോഴും കേൾക്കാനും പരിഹരിക്കാനും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പി.എം.എഫ് സൗദി നാഷനൽ കമ്മിറ്റിയുടെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: അസാധാരണ നേതൃപാടവം ഉണ്ടായിരുന്ന ജനനേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് റിയാദിലെ നവോദയ കലാസാംസ്കാരിക വേദി അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഈ ചാണക്യന്റെ വിയോഗത്തിലൂടെ തികഞ്ഞ മതേതരവാദിയായ ഒരു കോൺഗ്രസ് നേതാവിനെ കൂടിയാണ് നഷ്ടപ്പെടുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ നവോദയ പ്രവർത്തകരും പങ്കുചേരുന്നതായും കുറിപ്പിൽ പറഞ്ഞു.
അബഹ: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി അനുശോചിച്ചു. മേഖല കമ്മിറ്റി പദവി കെ.പി.സി.സി അംഗീകരിച്ചത് ഉമ്മൻ ചാണ്ടിയുടെ അഭ്യർഥനയെ തുടർന്നാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു. പിതൃതുല്യനായ രാഷ്ട്രീയ ഗുരുവിനെയാണ് നഷ്ടമായതെന്ന് മേഖല പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു. മേഖല കമ്മിറ്റി ഇടപെട്ട നൂറുകണക്കിന് കേസുകൾക്ക് പരിഹാരം കാണാൻ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് സാധിച്ചു. ബീഷ ജയിലിൽ മൂന്നു ലക്ഷം റിയാൽ മോചനദ്രവ്യം നൽകാൻ കഴിയാതെ കുടുങ്ങിയ പാലക്കാട് സ്വദേശി ഷാജി മോന് ജയിൽമോചനത്തിന് ആവശ്യമായ തുക സ്വരൂപിച്ചുനൽകിയത് ഉമ്മൻ ചാണ്ടിയാണ്. ഖമ്മീസിൽ ഏറെ പ്രമാദമായ സെൻ മോൻ വധക്കേസിലെ പ്രതികൾക്ക് ജയിൽ മോചനം ലഭിച്ചതും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ്.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പാർട്ടിക്കുണ്ടായ കുറവ് ഒരിക്കലും ആരെക്കൊണ്ടും നികത്താൻ കഴിയില്ല. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായാണ് കരുതുന്നതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇതിഹാസസമാനനായ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അതിയായ ദുഃഖമുണ്ട്. എണ്ണമറ്റ വ്യക്തികളുടെ ജീവിതത്തെ അദ്ദേഹം സ്പർശിച്ചു. അദ്ദേഹത്തിന്റെ പൈതൃകവും ഓർമകളും നമ്മുടെ മനസ്സുകളിൽ എന്നെന്നും പ്രതിധ്വനിക്കും. അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കുറിപ്പിൽ പറഞ്ഞു.
അബഹ: ഉമ്മൻ ചാണ്ടിയുടെ വേർപാട് കേരള രാഷ്ട്രീയത്തിൽ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അസീർ പ്രവാസി സംഘം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരു ഘട്ടത്തിൽ പോലും പരാജയമറിയാതെ ഒരേ മണ്ഡലത്തിൽ 50 വർഷം പ്രതിനിധാനം ചെയ്യുക, മൂന്നു വട്ടം മന്ത്രിയാവുക, നാലാം വട്ടം മുഖ്യമന്ത്രിയാവുക എന്നതെല്ലാം അത്യപൂർവ വ്യക്തിത്വങ്ങൾക്ക് സാധ്യമായ കാര്യങ്ങളാണെന്നും ജീവിതം രാഷ്ട്രീയത്തിനായി സമർപ്പിച്ച മഹാവ്യക്തിത്വം കൂടിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
ജിദ്ദ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗുണവിശേഷണങ്ങൾ ഏറെയുള്ള ഉമ്മൻ ചാണ്ടിയുടെ ജനകീയത തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അഞ്ചു പതിറ്റാണ്ട് പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ പൊതുജീവിതം അതുല്യവും മാതൃകാപരവുമാണ്. നേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും വഹിച്ചിരുന്ന പദവികളൊക്കെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി സമർപ്പിച്ചിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തോട് ഏറെ അടുപ്പം പുലർത്തുകയും സാധാരണക്കാരായ പ്രവാസികൾക്ക് ആശ്രയവുമായിരുന്നെന്ന് ജില്ല കമ്മിറ്റി അനുസ്മരിച്ചു.
ജിദ്ദ: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. ജനകീയനായ മുഖ്യമന്ത്രി എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. പ്രവാസികളോട് പ്രത്യേക മമത പുലർത്തുകയും അവരുടെ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുള്ള അദ്ദേഹം കേസുകളിൽ കുടുങ്ങിയും നാട്ടിൽ പോകാനാവാതെയും വിദേശരാജ്യങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ പ്രവാസികൾക്ക് രക്ഷകനായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാളികൾക്ക് ഒന്നാകെയും പ്രത്യേകിച്ച് പ്രവാസികൾക്കും തീരാനഷ്ടമാണെന്ന് പ്രസിഡൻറ് സാദിഖ് തുവ്വൂർ, ആക്ടിങ് പ്രസിഡൻറ് ജാഫറലി പാലക്കോട്, ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ജിദ്ദ: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി അനുശോചിച്ചു. നാടിനുവേണ്ടിയും പ്രവാസികൾക്ക് വേണ്ടിയും ഒരുപാട് സംഭാവനകൾ ചെയ്ത, ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ മികവ് കാട്ടിയ ഒരു ജനകീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അസോസിയേഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.