മക്ക: മതപരമായ കാര്യങ്ങളിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്തും അനൗദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള മതവിധികൾക്കെതിരെ (ഫത്വ) മുന്നറിയിപ്പ് നൽകിയും മക്കയിൽ രണ്ടു ദിവസം നീണ്ട മതകാര്യ മന്ത്രിമാരുടെ സമ്മേളനം സമാപിച്ചു. വിവിധ ഇസ്ലാമിക രാജ്യങ്ങളുടെ മത-ഔഖാഫുകാര്യ മന്ത്രിമാരുടെ ഒമ്പതാമത് സമ്മേളനത്തിൽ പങ്കെടുത്തവർ സാമൂഹികപ്രശ്നങ്ങളിലെ ഫത്വകളെ ശരീഅത്ത് ഗ്രന്ഥങ്ങൾക്ക് അനുസൃതമായി നിയന്ത്രിക്കണമെന്ന് ഊന്നിപ്പറഞ്ഞു.
ഫത്വകൾ സമൂഹത്തിന്റെ താൽപര്യങ്ങൾ നേടിയെടുക്കുന്നതിനും നാശം തടയുന്നതിനും കാലത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്ക് അനുസൃതമായും സമൂഹങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുമായിരിക്കണം. സമൂഹത്തിന്റെ വിഷയങ്ങളിൽ ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നും അംഗീകൃത പണ്ഡിത അക്കാദമികളിൽ നിന്നുമല്ലാതെ ഫത്വകൾ ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്നും സമ്മേളനം ഉണർത്തി. മിതത്വവും സഹിഷ്ണുതയും ശക്തിപ്പെടുത്തുന്നതിനും മതപരമായ വ്യവഹാരങ്ങളെക്കുറിച്ച ധാരണ ശരിയാക്കുന്നതിനും എട്ട് ശിപാർശകൾ പുറപ്പെടുവിച്ചാണ് സമ്മേളനം സമാപിച്ചത്.
തീവ്രവാദം, ധാർമികാപചയം, നിരീശ്വരവാദത്തിന്റെ തരംഗങ്ങൾ എന്നിവയെ ചെറുക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം ഊന്നിപ്പറഞ്ഞു. സമ്മേളനലക്ഷ്യം ഏകീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പരിപാടികൾ ശക്തമാക്കുന്നതിനും ഇമാമുമാർ, പ്രബോധകർ എന്നിവരെ യോഗ്യരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം, ഫത്വ വകുപ്പുകൾ തുടങ്ങിയവയുടെ ഉത്തരവാദിത്തം സമ്മേളനം എടുത്തുപറഞ്ഞു.
നിർദിഷ്ട പരിപാടികൾ വികസിപ്പിക്കാൻ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സമ്മേളനത്തിലെ അംഗരാജ്യങ്ങൾക്കിടയിൽ മതപരമായ കാര്യങ്ങളിൽ ഏകോപനവും സഹകരണവും വർധിപ്പിക്കാനും സന്ദർശനങ്ങൾ, വൈദഗ്ധ്യം, അനുഭവങ്ങൾ എന്നിവ കൈമാറാനും ഇസ്ലാമിക സംഘടനകളും സ്ഥാപനങ്ങളും കേന്ദ്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും ശിപാർശ ചെയ്തു.
പള്ളികൾ നിർമിക്കുന്നതിലും പരിപാലിക്കുന്നതിലും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും അംഗരാജ്യങ്ങൾക്കിടയിൽ അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നത് തുടർന്നും സജീവമാക്കണം. പള്ളികളുടെ മഹത്തായ സന്ദേശം പരമാവധി പ്രചരിപ്പിക്കാൻ എല്ലാ ആധുനിക സംവിധാനങ്ങളും ശേഷിയും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്താനും ആവശ്യപ്പെട്ടു. ഇസ്ലാമിന്റെ മൂല്യങ്ങളും സഹിഷ്ണുത നിറഞ്ഞ സന്ദേശവും പ്രചരിപ്പിക്കുന്നതിനായി മാധ്യമങ്ങളും ആശയവിനിമയ മാർഗങ്ങളും ഉപയോഗപ്പെടുത്താനും ശിപാർശയുണ്ടായി.
സമൂഹത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം ഉദ്ബോധിപ്പിച്ചു. ഭിന്നിപ്പിലേക്കും അനുസരണക്കേടിലേക്കും നയിക്കുന്ന എല്ലാത്തിനുമെതിരെ മുന്നറിയിപ്പ് നൽകി. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ വിദ്വേഷപ്രസംഗങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകത ഉണർത്തി. ഇസ്ലാമിന്റെ പ്രതിച്ഛായ വളച്ചൊടിക്കുന്നതും മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നത് ചെറുക്കുന്നതിന് സാംസ്കാരിക പരിപാടികളും ഭാവിദർശനങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
‘ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികൾ’ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയത്തേയും ‘ഇസ്ലാമോഫോബിയ’ക്കെതിരെ പോരാടുന്നതിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയെ നിയമിച്ചതിനെയും സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളും. ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നൽകുകയും ക്രൂരമായ ആക്രമണങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിനും മിതത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനും സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ അന്തിമ പ്രസ്താവനയിൽ പ്രശംസിച്ചു.മതകാര്യമന്ത്രിമാർക്ക് പുറമെ 62 രാജ്യങ്ങളിൽനിന്നുള്ള മുഫ്തിമാർ, ഇസ്ലാമിക് കൗൺസിൽ മേധാവികൾ എന്നിങ്ങനെ 250 പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.