ജിദ്ദ: മക്ക ഹറമിനും അനുബന്ധ കെട്ടിടങ്ങൾക്കും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനുള്ള പുതിയ ജലസംഭരണിയുടെ നിർമാണം പുരോഗമിക്കുന്നു. പദ്ധതിയുടെ നിർമാണ പുരോഗതി ഇരുഹറം കാര്യാലയത്തിനു കീഴിലെ പ്രോജക്ട് ആൻഡ് എൻജിനീയറിങ് പഠനവിഭാഗം അണ്ടർ സെക്രട്ടറി എൻജി. സുൽത്താൻ അൽഖുറശി സന്ദർശിച്ചു.
മൂന്നാം ഹറം വിപുലീകരണ പദ്ധതിയോടൊപ്പം നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് പുതിയ ജലസംഭരണിയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത റമദാനിൽ പദ്ധതി ഉപയോഗപ്പെടുത്താനാകും. 100 മീറ്റർ വ്യാസമുള്ള സംഭരണിയിൽ 1,40,000 ക്യുബിക് മീറ്റർ ജലം സൂക്ഷിക്കാനാകും. തറയും ചുവരും ഇരുമ്പും മേൽക്കൂര അലുമിനിയവും കൊണ്ടും നിർമിച്ചതാണ്. ഹറമിനു മാത്രമുള്ള സംഭരണിയാണിത്. 80,000 ക്യുബിക് മീറ്റർ ജലം സംഭരിക്കാൻ കഴിയുന്ന പഴയ ജലസംഭരണിയുമായി ഇതിനെ ബന്ധിപ്പിക്കും. പൈപ്പ്ലൈനുകളുടെ ജോലി 93 ശതമാനം പൂർത്തിയായിട്ടുണ്ട്. മൂന്നാം റിങ് റോഡിലെ വാട്ടർ സ്റ്റേഷനിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. അവിടുന്ന് കഅ്കിയയിലുള്ള പമ്പിങ് സ്റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്യും.
അവിടെനിന്നാണ് മലക്കു മുകളിൽ സ്ഥാപിച്ച പുതിയ മെറ്റൽ ടാങ്കിലേക്കും പിന്നെ ഹറമിലേക്കും അനുബന്ധ കെട്ടിടങ്ങളിലേക്കും ജലം പമ്പ് ചെയ്യുകയെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.