യാംബുവിലെ കോൺസുലാർ സന്ദർശന വേളയിൽ സേവനം ലഭിക്കാൻ കാത്തു നിൽക്കുന്ന പ്രവാസികൾ

യാംബുവിലെ കോൺസുലാർ സന്ദർശനം: തിരക്കിൽ വലഞ്ഞ് പ്രവാസികൾ

യാംബു: പാസ്പോർട്ട് റിനീവൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ നൽകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച യാംബുവിലെത്തിയ ദിവസം പതിവിൽ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടു. ഹയാത്ത് റദ് വ ഹോട്ടലിൽ നേരത്തേ അപ്പോയിൻമെന്‍റ് എടുത്തവർക്കും ഏറെ നേരം കാത്തിരുന്ന ശേഷമാണ് സേവനം ലഭിച്ചതെന്ന് പരാതി. അപ്പോയിൻമെന്‍റ് എടുത്ത പലർക്കും കുടുംബങ്ങൾക്കൊപ്പം പാസ്പോർട്ട് പുതുക്കാൻ അധിക സമയം കാത്തു നിൽക്കേണ്ടിവന്നു.

കഴിഞ്ഞ മാസം കോൺസുലാർ സന്ദർശനം മാറ്റിവെച്ചതാണ് ഇത്തവണ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ ഒരു കാരണമായി പറയുന്നത്. ഓരോ സന്ദർശന വേളയിലും വി.എഫ്.എസിന്റെ ലിങ്ക് ഉപയോഗിച്ച് പരിമിതമായ ആളുകൾക്ക് മാത്രമാണ് അപ്പോയിൻമെന്‍റ് കിട്ടുന്നത്. പലരും അപ്പോയിൻമെന്‍റ് എടുക്കാൻ പലതവണ പരിശ്രമിച്ചിട്ടും കിട്ടാത്ത കാരണം കോൺസുലാർ സന്ദർശന വേളയിൽ നേരിട്ട് എത്തുകയാണ് ചെയ്യുന്നത്. വി.എഫ്.എസ് അപ്പോയിൻമെന്റ് ലിങ്ക് ഉപയോഗിച്ച് പലപ്പോഴും 'സ്ലോട്ട്' കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അപ്പോയിൻമെന്‍റ് എടുക്കാൻ ശ്രമിക്കുമ്പോൾ 'ഞങ്ങളോട് ക്ഷമിക്കുക,അപ്പോയിൻമെന്റ് സ്ലോട്ടുകളൊന്നും നിലവിൽ ലഭ്യമല്ല. പുതിയ സ്ലോട്ടുകൾ കൃത്യമായ ഇടവേളകളിൽ തുറക്കും, ദയവായി വീണ്ടും ശ്രമിക്കുക' എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചും അപ്പോയിൻമെൻറ് സങ്കീർണതക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് സി.സി.ഡബ്ല്യു.എ അംഗമായ സിബിൾ ഡേവിഡ് പാവറട്ടി വി.എഫ്.എസ് അധികൃതർക്ക് മെയിൽ അയച്ചിട്ടുണ്ടെന്ന് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

അപ്പോയിൻമെന്‍റ് എടുത്തവർക്കുള്ള സേവനം കഴിഞ്ഞ് മറ്റുള്ളവർക്ക് സേവനം നൽകാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചത് പ്രകാരം മണിക്കൂറുകളോളം പലരും കാത്തുനിന്നു. രാവിലെ അപ്പോയിന്മെന്റ് എടുക്കാതെ വന്നവരോട് സേവനം ലഭിക്കാൻ പ്രയാസമാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അമ്പതോളം പേർ മടങ്ങിപ്പോയതായി സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. യാംബുവിലെ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ (സി.സി.ഡബ്ല്യു.എ) അംഗങ്ങളായ ശങ്കർ എളങ്കൂർ, സിബിൾ ഡേവിഡ് പാവറട്ടി, സിറാജ് മുസ്‌ലിയാരകത്ത് എന്നിവർ ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾ നേരിടുന്ന പ്രയാസം നേരിട്ട് ബോധ്യപ്പെടുത്തി. സന്ദർശന ദിവസം എത്തിയ മുന്നൂറോളം പേർക്ക് കോൺസുലേറ്റ് സേവനം നൽകിയാണ് രാത്രി വളരെ വൈകി ഉദ്യോഗസ്ഥർ അവസാനം മടങ്ങിയത്. മാസാന്ത സന്ദർശനം ഉണ്ടാകുമെന്ന് കോൺസുലേറ്റ് അധികൃതർ പറയുമ്പോഴും ഇടക്ക് മുടക്കം വരുന്നതാണ് യാംബു മേഖലയിൽ കൂടുതൽ തിരക്ക് വരാൻ കാരണം.

സന്ദർശന വേളയിൽ പാസ്പോർട്ട് പുതുക്കാനോ അറ്റസ്‌റ്റേഷനോ കഴിയാത്ത ഇന്ത്യക്കാർക്ക് നിലവിൽ ജിദ്ദയിലുള്ള കോൺസുലേറ്റിലോ മദീനയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് സേവന കേന്ദ്രത്തിലോ നേരിട്ടെത്തി അപേക്ഷകൾ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. യാംബു മേഖലയിൽ പാസ്പോർട്ട് പുതുക്കാൻ എല്ലാ പ്രവർത്തി ദിനങ്ങളിലും കഴിയുന്ന പാസ്പോർട്ട് സേവാ കേന്ദ്രം അനിവാര്യമായും ഉണ്ടാവണമെന്ന ആവർത്തിച്ചുള്ള പൊതുആവശ്യം ഇപ്പോൾ വീണ്ടും ശക്തമായിരിക്കുകയാണ്.

2021 ജനുവരിയിലാണ് പാസ്പോർട്ട് സേവാകേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'വേഗ' ഓഫീസ് യാംബുവിൽ അടച്ചു പൂട്ടിയത്. ശേഷം മാസാന്തം എത്തുന്ന കോൺസുലാർ സന്ദർശന വേളയിലാണ് പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട് പുതുക്കാൻ കഴിയുന്നത്. ഇത് വ്യവസായ നഗരത്തിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് പ്രവാസികൾക്ക് പ്രതിസന്ധിയുണ്ടാക്കിയ കാര്യം 'ഗൾഫ് മാധ്യമം' പലപ്പോഴും റിപ്പോർട്ട് ചെയ്തിരുന്നു. യാംബുവിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുറമെ ഉംലജ്, അൽ റൈസ്, ബദ്ർ, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ പാസ്പോർട്ട് സംബന്ധമായ അപേക്ഷ സമർപ്പിക്കാനും രേഖകൾ അറ്റസ്റ്റ് ചെയ്യിപ്പിക്കാനും കോൺസുലാർ സന്ദർശന ദിവസം എത്താറുണ്ട്. എല്ലാ ദിവസവും പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന അവസ്ഥ പുനഃസ്ഥാപിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യാംബുവിലെ ഇന്ത്യൻ പ്രവാസികൾ.

Tags:    
News Summary - Consular visit to Yambu: Expatriates caught in rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.