സൗദിയിൽ നിയന്ത്രിത വേട്ടക്ക് അനുമതി

ബുറൈദ: സൗദി അറേബ്യയിൽ വീണ്ടും നിയന്ത്രിത വേട്ടക്ക് നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു) അനുമതി.

സെപ്റ്റംബർ ഒന്നുമുതൽ ജനുവരി 31 വരെ നിർദിഷ്ട പ്രദേശങ്ങളിലാണ് വേട്ട അനുവദിക്കുക. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

എൻ.സി.ഡബ്ല്യു ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് അനുസരിച്ച് ശരത്കാല സീസണിൽ 25 ഇനം മൃഗങ്ങളെയും ശൈത്യകാലത്ത് നാല് ഇനങ്ങളെയും മാത്രമേ വേട്ടയാടാൻ അനുവാദമുള്ളൂ.

ഇതിന് എൻ.സി.ഡബ്ല്യു ഫെട്രി പ്ലാറ്റ്‌ഫോം വഴി ഹണ്ടിങ് ലൈസൻസുകളും പെർമിറ്റും വേണം. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, ഇരപിടിയൻ പക്ഷികൾ എന്നിവയെ വേട്ടയാടാൻ പാടില്ല. ഷോട്ട് ഗൺ, എയർ ഗൺ, മീൻപിടിത്ത വല, വാതകം ഉപയോഗിക്കുന്ന ട്രാക്കിങ് ഉപകരണങ്ങൾ തുടങ്ങിയ ലൈസൻസുള്ള ആയുധങ്ങൾ ഉപയോഗിച്ച് മാത്രമേ വേട്ടയാടാൻ പാടുള്ളൂ. നഗരങ്ങൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അതിർത്തികൾക്കുള്ളിൽ, ജനവാസ കേന്ദ്രങ്ങളിലും സൈനിക, വ്യവസായിക മേഖലകളിലും വേട്ടയാടൽ നിരോധിച്ചിട്ടുണ്ട്. റിസർവ് പ്രദേശങ്ങൾക്കും പ്രധാന പദ്ധതിപ്രദേശങ്ങളിലും വന്യജീവി വേട്ട പാടില്ല.

കൂടാതെ, രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽനിന്ന് 20 കിലോമീറ്റർ അകലം പാലിക്കണം.പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരതക്ക് കോട്ടം തട്ടാത്തവിധവും ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾക്കനുസൃതമായുമാണ് വേട്ട അനുവദിക്കുക.

ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങൾ, ഏറ്റവും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണം, അന്താരാഷ്ട്ര നായാട്ട് മാനദണ്ഡങ്ങൾ, പഠനങ്ങൾ എന്നിവയും വിദഗ്ധരുടെ ഉപദേശങ്ങളും അടിസ്ഥാനമാക്കിയാണ് അഞ്ചുമാസത്തെ അനുമതി.

വന്യജീവി കേന്ദ്രത്തിന്റെ മുന്നറിയിപ്പും പരിസ്ഥിതി സുരക്ഷാസേന, ആഭ്യന്തരമന്ത്രാലയം തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള നിർദേശങ്ങളും പാലിക്കാത്തവരും നിയമലംഘകരുമായ വേട്ടക്കാർ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുമെന്നും അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - Controlled hunting allowed in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.