സൗദിയിൽ സ്വദേശി സ്വകാര്യ ജീവനക്കാരുടെ ശമ്പളത്തിൻെറ 60 ശതമാനം സർക്കാർ വഹിക്കും

റിയാദ്: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ സ്വകാര്യ മേഖലക്ക് സംരക്ഷണ കവചമൊരുക്കി സൗദി ഭരണകൂടം. പ്ര തിസന്ധി ലഘൂകരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ ശമ്പളത്തി​െൻറ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. മൂന്നുമാസം ഇൗ വിധം സർക്കാർ ശമ്പള വിഹിതം നൽകും.

ഇതിനായി ഒമ്പത് ശതകോടി റിയാലി​െൻറ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം നല്‍കുന്നത്. നിബന്ധനകൾക്ക് വിധേയമായാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇൗ പണം നൽകുക. സൗദി പൗരന്മാരായ 12 ലക്ഷം ജീവനക്കാര്‍ക്ക് ഇൗ ആനുകൂല്യം ലഭിക്കും. പ്രതിസന്ധിയിൽ സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശി ജീവനക്കാരെ പിരിച്ചുവിടാതിരിക്കാനും കൂടിയാണ് സാമൂഹി സുരക്ഷിതത്വം മുൻനിർത്തി ഇൗ നടപടി.

അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ അവരിലെ 70 ശതമാനം ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത ശമ്പളതുകയുടെ 60 ശതമാനമാണ് ഇപ്രകാരം ലഭിക്കുക. വെള്ളിയാഴ്ച മുതല്‍ ഇതിനുള്ള അപേക്ഷകള്‍ കമ്പനികള്‍ക്ക് നല്‍കാം. സാനിദ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അടുത്ത മാസം മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ ആനുകൂല്യം ലഭ്യമാകും. ആനുകൂല്യം ലഭിക്കുന്ന ജീവനക്കാരെ അതി​െൻറ പേരില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശികളുടേയും വിദേശികളുടെയും തൊഴില്‍ സുരക്ഷ ലക്ഷ്യം വെച്ചാണ് രാജകല്‍പനയെന്നും നന്ദിയുണ്ടെന്നും ഗോസി ചെയര്‍മാനും ധനകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ പറഞ്ഞു.

Tags:    
News Summary - Covid 19 saudi announcement-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.