ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് സൗദിയിൽ പള്ളികൾ തുറക്കുന്നതിനും അടക്കുന്നതിനും സമയം നിർണയിച്ചു. മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖാണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പള്ളികൾ ബാങ്ക് കൊടുക്കുന്ന സമയത്ത് മാത്രമേ തുറക്കാവൂവെന്നും സുബ്ഹി ഒഴികെ മറ്റെല്ലാ നമസ്കാര വേളകളിലും ബാങ്കിന് ശേഷം 10 മിനുറ്റിൽ നമസ്കാരം പൂർത്തിയാക്കി പള്ളി അടക്കണമെന്നുമാണ് പുതിയ നിർദേശം. സുബ്ഹിക്ക് 20 മിനുറ്റാണ് നിശ്ചയിരിക്കുന്നത്. ജുമുഅക്ക് ബാങ്കിന് 30 മിനുറ്റ് മുമ്പ് തുറക്കുകയും ജുമുഅ നമസ്കാരം കഴിഞ്ഞാൽ 15 മിനുറ്റിനു ശേഷം അടക്കുകയും വേണം.
ജുമുഅ പ്രസംഗം 15 മിനുറ്റിൽ കൂടരുത്. ഇക്കാര്യം ഖത്തീബുമാർ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നമസ്കാരത്തിനെത്തുന്നവർ കൂടെ നമസ്കാര വിരിപ്പ് കൊണ്ടുവരണം. കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.
മുഴുവനാളുകളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണിതെന്നും നിർദേശത്തിലുണ്ട്. മറ്റു വൈജ്ഞാനിക, പഠന, പ്രബോധന ക്ളാസുകളും പ്രസംഗങ്ങളുമൊന്നും പള്ളികളിൽ പാടില്ല. ഇവയെല്ലാം ഓൺലൈൻ സംവിധാനത്തിലാക്കി മാറ്റണം. കോവിഡ് സംബന്ധിച്ച് ആളുകളെ ശക്തമായി ബോധവത്കരിക്കണം. പള്ളിക്കകവും വുദുവെടുക്കുന്ന സ്ഥലവും ശൗചാലയങ്ങളും അണുമുക്തമാക്കൽ കൂടുതൽ കാര്യക്ഷമമാക്കണം. വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉണർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.