റിയാദ്: കോവിഡ് കാലത്തെ ഏകാന്തവാസം കുട്ടികളിൽ മാനസികവും സാമൂഹികവുമായ സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. അലസത, വാശി, ദേഷ്യം, അനുസരണയില്ലായ്മ, സദാസമയവും ടി.വിയും മൊബൈലും ഉപയോഗിക്കൽ ഇതെല്ലാംതന്നെ മാനസികമായ പിരിമുറുക്കത്തിെൻറ ഭാഗമാണ്. അതിനാൽ ഏതുവിധേനയും അവരെ സർഗാത്മക മേഖലയിൽ കർമനിരതരാക്കുകയാണ് വേണ്ടത്.
പൊതുവേദികളിൽ അരങ്ങേറ്റം നടത്തുക എന്നതിലുപരിയായി കുട്ടികളുടെ സർഗാത്മകത, കലാവാസന, കായികക്ഷമത എന്നിവ വികസിപ്പിക്കാനും സാമൂഹിക തിന്മകളിൽനിന്ന് വിമലീകരിക്കാനുമാണ് കലകൾ അഭ്യസിക്കുന്നതെന്ന് 'വൈദേഹി' നൃത്തവിദ്യാലയം ഡയറക്ടറും ഡാൻസ് കൊറിയോഗ്രാഫറുമായ രശ്മി വിനോദ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ആഗമനം വിവിധ രംഗങ്ങളിലെന്ന പോലെ കലാ-വിനോദ മേഖലയിലും മരവിപ്പും നിശ്ചലതയുമാണ് സൃഷ്ടിച്ചത്. പ്രവസലോകത്തും അതിെൻറ അനുരണനങ്ങൾ ധാരാളമാണ്. ഇതുമൂലം കലാപ്രവർത്തനങ്ങളും നിരവധി സംഗീത നൃത്ത പഠനകേന്ദ്രങ്ങളുമാണ് അടച്ചുപൂട്ടിയത്. പലതും അടച്ചുപൂട്ടലിെൻറ വക്കിലുമാണ്. ചില സ്ഥാപനങ്ങൾ ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചെങ്കിലും വേണ്ടത്ര പ്രതികരണം കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ ഉണ്ടായില്ല.
ഓൺലൈൻ ക്ലാസുകൾക്ക് പരിമിതികളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ഏക മാർഗമിതാണ്. കോവിഡ് കാരണം സിനിമ, റിയാലിറ്റി ഷോ തുടങ്ങിയ വേദികളുടെ സാധ്യതകൾ മങ്ങിയതും സാമ്പത്തിക മേഖലയിൽ അനുഭവപ്പെട്ട മാന്ദ്യവും കലയോടുള്ള മനോഭാവത്തിന് ഒരുപരിധി വരെ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
അഞ്ചു വർഷക്കാലമായി ഡാൻസ് അക്കാദമി നടത്തിവരുകയാണ് കൊല്ലം സ്വദേശിനിയായ രശ്മി വിനോദ്. ഫ്ലവേഴ്സ് ക്രിട്ടിക്സ് അവാർഡ്, എ.സി.വി ജോൺസൺസ് അവാർഡ്, സീ കേരളത്തിെൻറ 'സരിഗമപ' മെഗാഫിനാലെ തുടങ്ങിയ മെഗാഷോകളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ട് സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും കൈവന്നിരിക്കയാണ്. കോവിഡ് കാരണം ഷൂട്ടിങ് ആരംഭിച്ചിട്ടില്ല. ഡിസംബറോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അറബ് നാഷനൽ ബാങ്കിൽ സോഫ്റ്റ് വെയർ എൻജിനീയറായ വിനോദാണ് ഭർത്താവ്. ആലിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ വൈഷ്ണവ്, വൈദേഹി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.