ജിദ്ദ: യാത്രാകപ്പലുകൾക്ക് സൗദി തുറമുഖങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. കോവിഡ്-19 വ്യാ പനം തടയാൻ പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം സ്വീകരിച്ച കൂ ടുതൽ മുൻകരുതൽ നടപടികളുടെ ഭാഗമാണിത്. ചരക്കുകപ്പലുകൾക്ക് മാത്രമാണ് ഇനി സൗദി തുറമുഖങ്ങളിൽ പ്രവേശിക്കാൻ അനുമതി. സൗദി പോർട്ട് അതോറിറ്റി താൽകാലിക വിലക്കാണ് ഏർപ്പെടുത്തിയത്. തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകളും ബോട്ടുകളും സംബന്ധിച്ച വിവരങ്ങൾ ഷിപ്പിങ് ഏജൻസികൾ ഇലക്ട്രോണിക് സംവിധാനം വഴി തുറമുഖത്തെ ആരോഗ്യ നിരീക്ഷണ കേന്ദ്രത്തെ അറിയിച്ചിരിക്കണമെന്നും നിർദേശമുണ്ട്.
കപ്പൽ ജീവനക്കാരുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ ക്യാപ്റ്റൻ രേഖപ്പെടുത്തുകയും ഒപ്പിടുകയും വേണം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സൗദിയിലേക്ക് വരുന്നതിനുമുമ്പ് കപ്പൽ കടന്നുവന്ന തുറമുഖങ്ങളുടെ പട്ടിക എന്നിവ ഇ-സംവിധാനത്തിലൂടെ അറിയിച്ചിരിക്കണം. അപകടകരമായ രോഗങ്ങളൊന്നും രേഖപ്പെടുത്തിയില്ലെങ്കിൽ കപ്പൽ പരിശോധിക്കാതെതന്നെ ഇ-സംവിധാനം വഴി ആശയവിനിമയം നടത്താനുള്ള അനുമതിയുണ്ടാകും.
ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കപ്പലുകളിൽ ബന്ധപ്പെട്ട മെഡിക്കൽ സംഘം പരിശോധിച്ചതിന് ശേഷമായിരിക്കും ഇ-സംവിധാനം വഴി ആശയവിനിമയത്തിന് അനുമതി നൽകുക. ജിദ്ദ ഇസ്ലാമിക് പോർട്ട്, ദമ്മാം കിങ് അബ്ദുൽ അസീസ് പോർട്ട്, യാംബു കമേഴ്സ്യൽ പോർട്ട്, ജീസാൻ പോർട്ട് എന്നീ രാജ്യത്തെ എല്ലാ പോർട്ടുകളിലേയും ആരോഗ്യ നിരീക്ഷണ കേന്ദ്രങ്ങളിൽ പുതിയ തീരുമാനം നടപ്പാക്കും.
കോവിഡ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നാണ് കപ്പലുകൾ വരുന്നതെങ്കിൽ ആ വിവരം കപ്പൽ എത്തുന്നതിനുമുമ്പ് പോർട്ട് അതോറിറ്റിയെ അറിയിച്ചിരിക്കണം. കപ്പലിനെയും ജോലിക്കാരെയും അവരുടെ രാജ്യത്തെയും 14 ദിവസത്തിനുള്ളിൽ യാത്ര ചെയ്ത സ്ഥലങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇ-സംവിധാനത്തിലൂടെ അറിയിക്കണം. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്ന, 14 ദിവസം പൂർത്തിയാകാത്തവർ കപ്പലിലുണ്ടെങ്കിൽ പാസ്പോർട്ട്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം. സംശയം തോന്നുന്നവർക്ക് വേണ്ട ചികിത്സ നൽകാൻ പ്രധാന ആശുപത്രികൾ നിർണയിക്കുക, ജോലിക്കാർക്ക് പകർച്ചവ്യാധിക്കെതിരെയുള്ള മുൻകരുതലുകൾ സംബന്ധിച്ച് അവബോധവും പരിശീലനവും നൽകുക തുടങ്ങിയവ മുൻകരുതൽ നടപടികളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.