ഹജ്ജ്​ തീർഥാടകർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധം -സൗദി ആരോഗ്യമന്ത്രാലയം

മക്ക: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്തെ ഹജ്ജ് നിർവഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം എന്നതാണെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രഖ്യാപിച്ചിരുന്നു.

വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ്ജ് തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവേണം എത്തേണ്ടത്. സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. സൗദിയിൽ നിന്ന് ഹജ്ജിനെത്തുന്നവർ ദുൽഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.

ഈ വർഷത്തെ ഹജ്ജിനുള്ള ആരോഗ്യ ചട്ടങ്ങൾ ദേശീയ പരിവർത്തന പദ്ധതി (എൻ‌.ടി‌.പി) തയാറാക്കി വരികയാണ്. ദുൽഹജ്ജ് മാസത്തിന് മുമ്പായി മക്കയിലെയും മദീനയിലെയും താമസക്കാരിൽ 60 ശതമാനത്തിനും വാക്സിൻ നൽകാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗബാധ കൂടാൻ സാധ്യതയുള്ളവരെ ഈ വർഷം ഹജ്ജിന് പരിഗണിക്കില്ല.

18 മുതൽ 60 വയസ് വരെ പ്രായമുള്ളവർക്ക് മാത്രമാണ് ഹജ്ജിന് അനുമതി നൽകുക. തീർഥാടകർ സൗദിയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് പരിശോധന നടത്തിയ രേഖ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. മാസ്ക് ധരിക്കുന്നതും ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോകോൾ പാലിക്കാനും തീർഥാടകർ ബാധ്യസ്ഥരായിരിക്കും.

തീർഥാടകരെ സേവിക്കാനെത്തുന്നവരും ഹജ്ജിനിടെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരും ഉദ്യോഗസ്ഥരും തങ്ങളുടെ സേവനം ആരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരാഴ്‌ചമുമ്പെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും 'നാഷനൽ ട്രൻസ്ഫോർമേഷൻ പ്രോഗ്രാം' പുറത്തിറക്കിയ ആരോഗ്യ ചട്ടങ്ങളിൽ വ്യക്തമാക്കി.

Tags:    
News Summary - covid vaccination is compulsory for hajj pilgrims saudi health department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.