ജിദ്ദ: ബഹ്‌റൈനിൽ നിന്ന് ദമ്മാം കിങ് ഫഹദ് കോസ്‌വേ വഴി റോഡ് മാർഗം സൗദിയിലേക്ക് പ്രവേശിക്കാൻ കോവിഡ് വാക്‌സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമാക്കി. കോസ്‌വേ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലേക്ക് തൊഴിൽ, ടൂറിസം, സന്ദർശക വിസയിൽ വരുന്നവർക്കാണ് നിയമം ബാധകം. ഇവർ യാത്രയുടെ 72 മണിക്കൂറിനുളളിൽ എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റീവ് ഫലവും കൂടെ കരുതണം. സൗദിയിൽ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്സ്‌ഫോർഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡെർണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളും ജോൺസൻ വാക്സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും പ്രവേശനം. ഇവര്‍ക്ക് പിന്നീട് കോവിഡ് പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. വാക്സിൻ എടുക്കാതെ അതിർത്തിയിൽ എത്തുന്നവർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കില്ലെന്നും തിരിച്ചയക്കുമെന്നും അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
എന്നാൽ സൗദി പൗരന്മാര്‍ക്ക് സൗദിയിൽ പ്രവേശിക്കാൻ വാക്‌സിൻ എടുത്തിരിക്കണമെന്നോ പി.സി.ആർ പരിശോധന ഫലമോ ആവശ്യമില്ല. ഇവരിൽ 18 വയസിന് മുകളിലുള്ളവർ സൗദിയിൽ പ്രവേശിച്ച് ഏഴ് ദിവസം വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുകയും ആറാം ദിവസം പി.സി.ആർ പരിശോധന നടത്തുകയും വേണം. സ്വദേശികളുടെ വിദേശി ഭാര്യമാര്‍, ഭർത്താക്കൾ, മക്കള്‍, അവരോടൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രജ്ഞര്‍, അവരുടെ കുടുംബങ്ങള്‍, അവരോടൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ യാത്രയുടെ 72 മണിക്കൂറിനുളളിൽ എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റീവ് ഫലം അതിർത്തിയിൽ കാണിക്കണം. ഇവരിൽ വാക്സിനെടുത്തവർക്ക് പിന്നീട് ക്വാറന്റീനും കോവിഡ് പരിശോധനയും നിർബന്ധമില്ല. എന്നാൽ വാക്സിനെടുക്കാത്തവർ സൗദിയിൽ പ്രവേശിച്ച് ഏഴ് ദിവസം വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുകയും ആറാം ദിവസം പി.സി.ആർ പരിശോധന നടത്തുകയും വേണം.
ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് പി.സി.ആര്‍ പരിശോധന ഫലം ഇല്ലാതെ സൗദിയിൽ പ്രവേശിക്കാം. ഇവർക്ക് ക്വാറന്റീനും ആവശ്യമില്ല. ആരോഗ്യം, നാഷണല്‍ ഗാര്‍ഡ്, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കോസ്‌വേ വഴി സൗദിയിൽ പ്രവേശിച്ചാൽ അവർ 24 മണിക്കൂറിനുള്ളിൽ പി.സി.ആര്‍ പരിശോധന നടത്തുകയും ഏഴ് ദിവസം വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുകയും ഏഴാം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തുകയും വേണം. സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഏഴു ദിവസം തങ്ങളുടെ താമസസ്ഥലത്ത് ക്വാറന്റീനിൽ ഇരിക്കണം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇന്‍സ്റ്റിട്യൂഷൻ ക്വാറന്റീനും നിർബന്ധമാണ്. ഇവർ ഇരു കൂട്ടരും 24 മണിക്കൂറിനുള്ളിലും ഏഴാം ദിവസവും പി.സി.ആർ പരിശോധന നടത്തണമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.